കണ്ടഹാര്‍ സ്‌ഫോടനം: അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
അബൂദബി: അഫ്ഗാനിസ്ഥാനിലെ കണ്ടഹാറില്‍ താലിബാന്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടതായി യു.എ.ഇ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ യു.എ.ഇ സ്ഥാനപതി ജുമാ അല്‍ കഅബിയുള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മുഹമ്മദ് അലി സൈനല്‍ ബസ്തകി, അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് അല്‍ കഅബി, അഹ്മദ് റാശിദ് സലീം അലി അല്‍ മസ്‌റൂഇ, അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അഹ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹാമിദ് സുല്‍ത്താന്‍ അബ്ദുല്ല ഇബ്രാഹീം അല്‍ ഹമ്മാദി എന്നിവരാണു കൊല്ലപ്പെട്ട യു.എ.ഇ പ്രതിനിധികള്‍.
കണ്ടഹാര്‍ ഗവര്‍ണറുടെ ആസ്ഥാനത്തായിരുന്നു സ്‌ഫോടനം നടന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിലെത്തിയ സംഘത്തിലുള്ളവരാണു മരിച്ച യു.എ.ഇ പ്രതിനിധികള്‍. കണ്ടഹാറിലെ ഡെപ്യൂട്ടി ഗവര്‍ണറും വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയിലെ പ്രതിനിധിയും ഉള്‍പ്പെടെ ആറുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. യു.എ.ഇ സഹായത്തോടെ നിര്‍മിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്കായി എത്തിയവരായിരുന്നു കൊല്ലപ്പെട്ട അഫ്ഗാന്‍ പ്രതിനിധികള്‍. ചൊവ്വാഴ്ച കണ്ടഹാറിലും കാബൂളിലുമായുണ്ടായ മൂന്ന് ബോംബ് സ്‌ഫോടന പരമ്പരകളിലായി 50 പേര്‍ മരിക്കുകയും 100 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സൈദ് അല്‍ നഹ്‌യാന്‍ രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പാതി തഴ്ത്തിക്കെട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട് നയതന്ത്ര പ്രതിനിധികളുടെ ദാരുണമായ മരണത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സൈദ് അല്‍ നഹ്‌യാന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. മാനുഷികമോ ധാര്‍മികമോ മതപരമോ ആയ യാതൊരു നീതീകരണവും ഇത്തരം കൊലപാതകങ്ങള്‍ക്കില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഓര്‍മിപ്പിച്ചു.
ആഭ്യന്തരയുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസ-വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് യു.എ.ഇ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."