സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കേരളം
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ മത്സരത്തില്‍ നിന്ന് കേരളം യോഗ്യത നേടിയതോടെ സന്തോഷ് ട്രോഫിയുടെ ബാക്കി മത്സരങ്ങള്‍ കേരളത്തില്‍ നടത്തണമെന്ന ആവശ്യവുമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് കത്തയച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തന്നെ മത്സരങ്ങള്‍ നടത്തണമെന്നാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫൈനല്‍ റൗണ്ട് നടത്തണമെന്ന ആവശ്യവുമായി കശ്മിര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേ സമയം രണ്ട് വര്‍ഷം മുമ്പ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ കൊച്ചിയില്‍ നടന്നിരുന്നു. ഇക്കാരണത്താല്‍ കേരളത്തില്‍ ഉടനെ മത്സരം ലഭിക്കുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. അതേ സമയം കൂടുതല്‍ ആളുകള്‍ കളികാണാനെത്തുന്നതിനാല്‍ കേരളത്തെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം മത്സരങ്ങള്‍ നടത്താന്‍ സജ്ജമാണ്. യോഗ്യതാ മത്സരങ്ങള്‍ നട്ടുച്ചക്കായിരുന്നിട്ടും നിരവധി പേര്‍ കളികാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തെ കുറിച്ചും മത്സരം കാണാനെത്തുന്ന കാണികളെ കുറിച്ചും വളരെ നല്ല അഭിപ്രായമായിരുന്നു മാച്ച് കമ്മീഷണറായിരുന്ന വാള്‍ട്ടര്‍ എഡ്വാര്‍ഡ് പെരേരക്ക്. സുരക്ഷക്രമീകരണങ്ങളുടെ കാര്യത്തിലും സംഘാടനത്തിന്റെ കാര്യത്തിലും കോഴിക്കോടിന് തന്നെയാണ് മുന്‍തൂക്കം.
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തിയതിന് പുറമെ നിരവധി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വമരുളിയതിന്റെ പരിചയം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് നേട്ടമാകും. ദേശീയ ഗെയിംസിനും നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണമെന്റിനും വേദിയായ സ്റ്റേഡിയത്തില്‍ കാര്യമായ നവീകരണപ്രവൃത്തികള്‍ ആവശ്യമില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് പരിശീലന മൈതാനങ്ങള്‍ കോഴിക്കോട്ടുണ്ട്
യോഗ്യതാ മത്സരത്തില്‍ കേരളത്തിന്റെ കളികാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ ഇവിടെ നടക്കുകയാണെങ്കില്‍ കാണികള്‍ കൂടുതലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഹരിദാസ് പറഞ്ഞു.
കാണികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഉച്ച സമയത്ത് നിന്നും മാറ്റി രാത്രിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ. എഫ്. എ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."