മേഴ്‌സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ദുരൂഹം: എം.ടി രമേശ്
കൊല്ലം: ഐ.എ.എസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരംമൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാകുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. അഴിമതി ആരോപണ വിധേയനായ വിജിലന്‍സ് ഡയറക്ടറെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തന്നെ കവചം തീര്‍ക്കുകയാണ്. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. 8 മാസം കൊണ്ട് 10 കോടിയുടെ അഴിമതി നടത്തിയ മേഴ്‌സിക്കുട്ടിയമ്മയെ സി.പി.എം കേന്ദ്ര നേതൃത്വം സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്വജനപക്ഷപാതം നടത്തിയ ഇ.പി ജയരാജന്റെ നടപടിയിലും ഗൗരവമുള്ളതാണ് മേഴ്‌സിക്കുട്ടിയമ്മയുടെ അഴിമതി.
പൊതുഖജനാവിന് നഷ്ടമുണ്ടാക്കി സമ്പാദിച്ച 10 കോടിയില്‍ നിന്ന് കേന്ദ്രനേതൃത്വത്തിനും പങ്ക് കിട്ടിയതായി സംശയിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് അഴിമതിക്കാരിയെ സംരക്ഷിക്കുന്നത്. സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായിരിക്കെ കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങുന്ന നടപടി വിചിത്രമാണ്. സി.പി.എം സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുന്നിലാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ ആകാത്ത പിടിപ്പുകേട് മറയ്ക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."