37-മത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം: കോലൊപ്പിച്ച്... മൊഞ്ചിലഞ്ചി... മനം കവര്‍ന്ന്....
കണിയാമ്പറ്റ: കാണികളുടെ മനസിലേക്ക് കൊട്ടിക്കയറി കോല്‍കളിക്കാര്‍. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ കോല്‍ക്കളി മത്സരങ്ങളാണ് കാണികളെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിച്ചത്.
ബൈത്തോടെ ആരംഭിച്ച് ചൊറഞ്ഞ് കളി, ചൊറഞ്ഞ് കളി വെട്ടം, കൊടുത്തുപോക്ക്, ചാഞ്ഞടി, ചരിഞ്ഞടി, നില്‍പ്പോ ഒന്ന്, നില്‍പ്പോ രണ്ട്, നില്‍പ്പോ മൂന്ന് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയ കോല്‍ക്കളി ആസ്വാദകര്‍ക്ക് മികച്ച കാഴ്ചയൊരുക്കി. ആറ് ടീമുകളായിരുന്നു ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നത്. ഒന്നാമത്തെ ടീം കാണികളെ അല്‍പം നിരാശരാക്കിയെങ്കിലും രണ്ടാമതായി തട്ടില്‍ക്കയറിയ ടീം അതിഗംഭീര പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്തു.
വേഗതയും താളവും കൊണ്ട് കാണികളെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടേത്. തുടര്‍ന്നെത്തിയ ടീമും കോല്‍ക്കളിയുടെ സര്‍വ ഭാവങ്ങളും അരങ്ങിലെത്തിച്ച് കാണികളെ കയ്യിലെടുത്തു. തുടര്‍ന്നെത്തിയ ടീമുകളെല്ലാം കാണികളുടെ ഹൃദയത്തിലേക്ക് കൊട്ടിക്കയറിയപ്പോള്‍ ഫലപ്രഖ്യാപനം ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയും കാണികളുടെ മുഖത്ത് പ്രകടമായി. മൂന്നാമതായി വേദിയിലെത്തിയ മാനന്തവാടി എം.ജി.എം.എച്ച്.എസ് ഒന്നാം സ്ഥാനം പിടിച്ചെടുത്തപ്പോള്‍ നാല് ടീമുകള്‍ എ ഗ്രേഡ് നേടി. രണ്ട് ടീമുകള്‍ക്ക് ബി ഗ്രേഡാണ് ലഭിച്ചത്. ഇത് 17ാം തവണയാണ് എം.ജി.എം ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തുന്നത്.
എം.ജി.എം നേടി, നഷ്ട പ്രതാപം
കണിയാമ്പറ്റ: ഒരുമണി മുത്ത്...ആറൊറ്റ...ഒഴിച്ചടി മുട്ട്...കോല്‍ക്കളിയിലെ ചടുലവും തനിമയുള്ളതുമായ ഈ ചുവടുകളാണ് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസിന് നഷ്ടപ്രതാപം വീണ്ടെടുത്ത് നല്‍കിയത്. തുടര്‍ച്ചയായി 16 വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ അജയ്യരായിരുന്ന എം.ജി.എമ്മിന് കഴിഞ്ഞ തവണ അടിതെറ്റിയിരുന്നു. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളാണ് അന്ന് കോല്‍ക്കളിയില്‍ എതിരാളികളില്ലാതിരുന്ന എം.ജി.എമ്മിനെ പരാജയപ്പെടുത്തിയത്. മധുര പ്രതികാരമെന്നോണം ഇത്തവണ ക്രസന്റ് പബ്ലിക് സ്‌കൂളിന്റെ കോല്‍ക്കളി കരുത്തിനെ തറപറ്റിച്ച് എം.ജി.എം ഇത്തവണ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കോല്‍ക്കളി ആചാര്യന്‍ ടി.പി ആലിക്കുട്ടി ഗുരിക്കള്‍ രചിച്ച അഖിലാധി നാഥന്റെ ദൗത്യവുമായി എന്ന ഈരടികള്‍ക്കൊപ്പം അബ്ദുല്‍ നാസിം, അനല്‍ കൃഷ്ണ, അഖില്‍ നാസിം, ജസ്റ്റിന്‍ സജി, സി.കെ അഖില്‍, ഇ.എ നഫ്‌സല്‍, മുഹാജിര്‍ റഹ്മാന്‍, നിഹില്‍ ഡാനിഷ്, റിച്ചാര്‍ഡ് വി ജോസ്, വൈഷ്ണവ് കെ അജയ്, കെ.കെ റോഷന്‍, ആല്‍വിന്‍ പോള്‍ എന്നിവരാണ് കോലൊപ്പിച്ചത്. മഹ്‌റൂഫ് കോട്ടക്കലാണ് പരിശീലകന്‍.
കോടതി വഴിയെത്തി പിണങ്ങോട് നേടി
കണിയാമ്പറ്റ: കോല്‍ക്കളിയില്‍ കോടതി വഴിയെത്തി പിണങ്ങോട് നേടി. ഗ്രൂപ്പിനങ്ങളില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ടിനങ്ങള്‍ക്കാണ് ഉപജില്ലയിലേക്ക് നേരിട്ടുള്ള എന്‍ട്രി ലഭിക്കുക. ഇതുകൊണ്ട്തന്നെ ദഫ്, വട്ടപ്പാട്ട് എന്നിവയില്‍ തുടര്‍ച്ചയായി സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന സ്‌കൂളിന് ഇവ രണ്ടിലും നേരിട്ട് എന്‍ട്രി ലഭിച്ചു.
എന്നാല്‍ വര്‍ഷങ്ങളായി തങ്ങളുടെ അധീനതയിലുണ്ടായിരുന്ന കോല്‍ക്കളിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലേറ്റ പരാജയം സ്‌കൂളിനെ ധര്‍മസങ്കടത്തിലാക്കി. ഇതോടെ ഇവര്‍ എ.ഇ.ഒയെ സമീപിച്ചു. എന്നാല്‍ അവിടെ നിന്നും കുട്ടികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടായില്ല.
ഇതോടെ ബാലവകാശ കമ്മീഷനെ സമീപിച്ചു. എന്നാല്‍ ഈ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഹൈക്കോടതി ബാലവകാശ കമ്മീഷനെ വിലക്കിയത് കുട്ടികള്‍ക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഉപജില്ലാ മത്സരം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഇവര്‍ക്ക് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. ഇതില്‍ നിന്നും ലഭിച്ച ഊര്‍ജത്തില്‍ കൊട്ടിക്കയറിയ കുട്ടികള്‍ ഉപജില്ലയും ജില്ലയും കടന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. കെ.ബി അഫ്‌സല്‍, സാബിത്ത് ബഷീര്‍, മുര്‍ഷിദ് അഹമ്മദ്, മുഹമ്മദ് ഫാസില്‍, എ.വി സിയാദ്, പി.എം മുബഷിര്‍, എം.വി ഷൈജാസ്, പി.എം ജസീല്‍, മഷ്ഹൂര്‍ ഇഖ്ബാല്‍, കെ ഫായിസ്, അജ്മല്‍ മുഹമ്മദ്, മുഹമ്മദ് ഷഹനാന്‍ എന്നവരടങ്ങിയ സംഘമാണ് സ്‌കൂളിന്റെ സ്വപ്‌നസമാന നേട്ടത്തിന് പിന്നില്‍.
വളണ്ടിയര്‍മാര്‍ക്ക് 100/100
കണിയാമ്പറ്റ: 37ാമത് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമായ വളണ്ടിയര്‍മാര്‍. കഴിഞ്ഞ വ്യായാഴ്ച ആരംഭിച്ച സേവനം യാതൊരു പരാതിക്കും ഇടനല്‍കാതെയുള്ള പ്രവര്‍ത്തനമായിരുന്നു ഇവരുടേത്. ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘം ഭക്ഷണശാലയിലും രജിസ്‌ട്രേഷന്‍, വെല്‍ഫെയര്‍, പ്രോഗ്രാം തുടങ്ങിയ മേളയിലെ മുഴുവന്‍ കമ്മിറ്റികളിലും നിസവാര്‍ഥ സേവനമാണ് കാഴ്ചവച്ചത്. മേളയുടെ വിജയത്തിനുള്ള നൂറില്‍ നൂറ് മാര്‍ക്കും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. ഭക്ഷണ ശാലയില്‍ ഭക്ഷണം വിളമ്പുന്നതിനും ശുചീകരണത്തിലും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ മികച്ച സേവനം കാഴ്ച വെച്ചു. വെല്‍ഫെയര്‍ കമ്മിറ്റിയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ മുഴുവന്‍ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കി സ്‌കൂളിലെത്തിയ അതിഥികള്‍ക്ക് ഉപയോഗത്തിനൊരുക്കി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ റോഡിലോ സ്‌കൂള്‍ കോമ്പൗണ്ടിലോ വീഴുമ്പോഴേക്ക് ഓടിയെത്തുന്ന വളണ്ടിയര്‍മാര്‍ കലോത്സവത്തിനെത്തിയ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വിനേഷ്, വളണ്ടിയര്‍ ലീഡര്‍മാരായ ചന്ദ്രശേഖരന്‍, ശ്രീപ്രിയ, പ്രദീപ്, സൂര്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മകച്ച സേവനം കാഴ്ചവെച്ചത്.
അപ്പീലുമായെത്തിയ നിദക്ക് ഒന്നാംസ്ഥാനം
കണിയാമ്പറ്റ: ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ അപ്പീലുമായെത്തിയ നിദ ഫാത്തിമ പയന്തോത്തിന് ഒന്നാം സ്ഥാനം. ഉപജില്ലയില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിദ അപ്പീലുമായാണ് ജില്ലാ മത്സരത്തിനെത്തിയത്. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയാണ് ഈമിടുക്കി ഉപജില്ലയിലെ വിധിനിര്‍ണയത്തിന് പകരം വീട്ടിയത്.
ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ നിദ തന്റെ ആദ്യ കലോത്സവത്തില്‍ തന്നെ സ്വപ്‌നനേട്ടം കൈവരിച്ചത്. മൊയ്തീന്‍കുട്ടി മൊല്ലയുടെ നടന്തീട്ടാലേ എന്ന് തുടങ്ങുന്ന ഗാനം ചടുലതയോടെ ആലപിച്ചാണ് നിദ കാണികളെ കയ്യിലെടുത്ത് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. ഏഷ്യാനെറ്റിലെ മൈലാഞ്ചി സീസണ്‍ നാലിലെ മത്സരാര്‍ഥി കൂടിയാണ് നിദ.
കല്‍പ്പറ്റയിലെ പയന്തോത്ത് നാസറിന്റെയും നജ്മയുടെയും മൂന്നാമത്തെ മകളാണ് നിദ.
സ്‌നേഹ വിരുന്നൂട്ടിയ ഭക്ഷണശാലക്ക് എ ഗ്രേഡ്
കണിയാമ്പറ്റ: പരാതികളില്ല, പരിഭവങ്ങളില്ല.. എത്തിയവര്‍ക്കെല്ലാം സ്‌നേഹ വിരുന്നു വിളമ്പി ഭക്ഷണശാലയും പൂട്ടി...അവസാന ദിനം ബിരിയാണിയും നല്‍കി ഇനി അടുത്ത വര്‍ഷം മറ്റൊരിടത്ത് സ്‌നേഹത്തോടെ കണ്ടുമുട്ടാമെന്ന ആശംസകളോടെ.
കലോത്സവം നടന്ന മൂന്ന് ദിനങ്ങളില്‍ മൂന്നു നേരം വീതമാണ് ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിരുന്നൂട്ടിയത്. ആദ്യ ദിവസം രണ്ടായിരം പേര്‍ക്കും രണ്ടാം ദിവസം രണ്ടായിരത്തി അഞ്ഞൂറൂപേര്‍ക്കും സമാപന ദിവസം മൂവ്വായിരത്തി അഞ്ഞൂറു പേര്‍ക്കുമാണ് ജനകീയ കൂട്ടായ്മയില്‍ ഭക്ഷണം വിളമ്പിയത്.
കലവറ നിറക്കല്‍ മുതല്‍ ഇന്നലെ രാത്രിയിലെ അത്താഴം വരെ ഭക്ഷണശാലയില്‍ സേവന നിരതരായ ഭക്ഷണ കമ്മിറ്റിയംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ പ്രവര്‍ത്തനമാണ് മേളക്ക് രുചിക്കൂട്ടൊരുക്കിയ ഭക്ഷണ കമ്മിറ്റിയുടെ വിജയം.
പനമരം ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ഭക്ഷണം പാകം ചെയ്തത്. ഭക്ഷണമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) നെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
താളമില്ലാതെ തബല വിധി നിര്‍ണയം
കണിയാമ്പറ്റ: താളമില്ലാതെയുള്ള തബലയുടെ വിധി നിര്‍ണയം പ്രതിഷേധത്തിനിടയാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം തബലയുടെ വിധി നിര്‍ണയമാണ് മത്സരാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തിന് കാരണം. ഫലം പുറത്ത് വന്നതോടെ കൈയടി ഉയരാതിരുന്നത് മത്സരം വീക്ഷിച്ച സദസും മറ്റൊരു ഫലമാണ് പ്രതീക്ഷിച്ചതെന്ന് സൂചിപ്പിക്കുന്നു. തബലയുമായി ബന്ധമില്ലാത്തവരെയാണ് വിധികര്‍ത്താക്കളാക്കിയതെന്നാണ് ആരോപണം. മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് തബലയുമായി ബന്ധമുള്ളതെന്ന് എ ഗ്രേഡോടെ രണ്ടാമതെത്തിയ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലെ സുജന പറഞ്ഞു. വര്‍ഷങ്ങളായി ജില്ലാ സ്‌കൂള്‍ കലോത്സവ വേദികളില്‍ തബല വാദനത്തോട് വേദി ഒരുക്കുന്നതിലും വിധി കര്‍ത്താക്കളെ നിയമിക്കുന്നതില്‍ അധികൃതര്‍ അവഗണന തുടരുകയാണെന്നും വിദ്യാര്‍ഥി പറഞ്ഞു. കഴിഞ്ഞ തവണ വിധി നിര്‍ണയത്തിലുണ്ടായ പ്രശ്‌നങ്ങളും മത്സരാര്‍ഥികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് ഇക്കുറി തബലയുമായി ബന്ധമുള്ള ഒരാളെയെങ്കിലും ഉള്‍പെടുത്തിയത്. മത്സര ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിധികര്‍ത്താക്കള്‍ പരസ്പരം സംസാരിച്ചതും പ്രതിഷേധത്തിനിടയാക്കി.
മേളയുടെ വാനമ്പാടിയായി ഷാര്‍ലറ്റ്
കണിയാമ്പറ്റ: പങ്കെടുത്ത മൂന്നിനങ്ങളില്‍ രണ്ടിലും ഒന്നാംസ്ഥാനവും ഒന്നില്‍ എ ഗ്രേഡും നേടി മേളയുടെ വാനമ്പാടിയായി ഷാര്‍ലറ്റ്. പിണങ്ങോട് സ്‌കൂളിലെ ഒന്‍പതാംതരം വിദ്യാര്‍ഥിയും കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറിയിലെ ഇംഗ്ലീഷ് അധ്യാപകനായ സുനില്‍കുമാര്‍-ശാരി ദമ്പതികളുടെ മകളുമായ ഷാര്‍ലറ്റ് എസ് കുമാറാണ് പങ്കെടുത്ത മൂന്നിനങ്ങളിലും മികച്ച നേട്ടം കൊയ്ത് മേളയുടെ വാനമ്പാടിയായത്. ഹൈസ്‌കൂള്‍ വിഭാഗം ഉറുദു ഗസലിലും മാപ്പിളപ്പാട്ടിലും എ ഗ്രേഡോടെ ഒന്നാമതെത്തിയ ഷാര്‍ലറ്റ് ലളിതഗാനത്തില്‍ എ ഗ്രേഡും മൂന്നാംസ്ഥാനവും നേടി. ലളിതഗാനത്തില്‍ ശ്യാമയാം മേഘമേ എന്നു തുടങ്ങുന്ന ഗാനമാലപിച്ച ഷാര്‍ലറ്റ് മൂന്നാംസ്ഥാനവും എഗ്രേഡും നേടി.
മാര്‍ഗംകളി അഥവാ 'അസംപ്ഷന്‍ ബത്തേരി'
കണിയാമ്പറ്റ: മാര്‍ഗം കളിയെന്നാല്‍ വയനാട്ടില്‍ അസംപ്ഷന്‍ ബത്തേരിയെന്നാവുന്നു. കഴിഞ്ഞ 27 വര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗംകളിയില്‍ സ്‌കൂളിന് എതിരാളികളില്ല. സംസ്ഥാനതലത്തില്‍ 26 വര്‍ഷം മത്സരിച്ചതിന്റെ പരിചയസമ്പന്നതയിലാണ് ഇത്തവണ ഇവര്‍ കണ്ണൂരിലേക്ക് വണ്ടി കയറുന്നത്. സെബാസ്റ്റ്യന്റെ പരിശീലനത്തിലാണ് അസംപ്ഷന്‍ സ്‌കൂള്‍ ഈ അജയ്യ മുന്നേറ്റം വര്‍ഷങ്ങളായി നടത്തുന്നത്.
ചേച്ചി പഠിപ്പിച്ചു; അനുജത്തി നേടി
കണിയാമ്പറ്റ: ചേച്ചിയുടെ ശിക്ഷണത്തില്‍ മോണോആക്ട് വേദിയിലെത്തിയ അനുജത്തിക്ക് ഒന്നാംസ്ഥാനം. യു.പി വിഭാഗം ഏകാഭിനയത്തിലാണ് കമ്പളക്കാട് ജി.യു.പി സ്‌കൂളിലെ ആദില ഒന്നാമതെത്തിയത്. ഏകാഭിനയത്തില്‍ കലോത്സവ വേദികളില്‍ കഴിവ് തെളിയിച്ച ചേച്ചി സഫൂറയുടെ ശിക്ഷണത്തിലായിരുന്നു ആദില ജില്ലാ മത്സരത്തിനെത്തിയത്. പെണ്ണായിപ്പിറന്ന കാരണത്താല്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന പീഡനങ്ങളെ ഭാവചലനം കൊണ്ട് കാഴ്ചക്കാരിലേക്ക് എത്തിച്ച ആദില നാളെയുടെ സന്ദേശമാണുണര്‍ത്തിയത്. കമ്പളക്കാട് ഒലിച്ചില്‍ വീട്ടില്‍ കാസിം-ആമിന ദമ്പതികളുടെ മകളാണ് ഏഴാംതരം വിദ്യാര്‍ഥിയായ ആദില.
വാക്കേറ്റത്തില്‍ അവസാനിച്ച് വട്ടപ്പാട്ട്
കണിയാമ്പറ്റ: വട്ടപ്പാട്ടിനൊടുക്കം വാക്കേറ്റമുണ്ടായത് വേദിക്കരികിലെ കല്ലുകടിയായി. ഹൈസ്‌കൂള്‍ വിഭാഗം വട്ടപാട്ടിന് ശേഷം സ്റ്റേജിന് സമീപം വാക്കേറ്റമുണ്ടായത്. വിധി കര്‍ത്താക്കള്‍ക്കെതിരേയുള്ള പരാതിയാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
മത്സരത്തില്‍ നമരം ക്രസന്റ് സ്‌കൂളിന് വട്ടപാട്ടില്‍ നാലാം സ്ഥാനവും പിണങ്ങോട് ഹൈസ്‌കൂളിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത.് സി.ബി.എ.സി കലോത്സവത്തില്‍ വിധി നിര്‍ണയത്തില്‍ അപാകത കണ്ടെതിനെ തുടര്‍ന്ന് പുറത്താക്കിയ വിധികര്‍ത്താക്കളാണ് എച്ച്.എസ്.എസ്, എച്ച്.എസ് വിഭാഗങ്ങളിലെ കോല്‍ക്കളി, വട്ടപ്പാട്ട് എന്നി മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളായി എത്തിയെതെന്ന് ആരോപിച്ചാണ് രണ്ട് വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് ഇവര്‍ ജനറല്‍ ഓഫിസര്‍ക്ക് മുന്നില്‍ പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."