സെന്‍കുമാറിനെ ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള ശുപാര്‍ശ തള്ളി
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ തള്ളി.
അംഗങ്ങളുടെ നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക താല്‍പര്യമെടുത്ത് സെന്‍കുമാറിന് അനുകൂലമായ നിലപാട് സ്വീകരിച്ച ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു.
പൊലിസ് മേധാവി സ്ഥാനത്തുനിന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയ ഉദ്യോഗസ്ഥന്‍ ട്രൈബ്യൂണല്‍ അംഗമാകാന്‍ യോഗ്യനെന്ന ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിലവിലെ രണ്ട് ഒഴിവുകളിലേക്കാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെയും മുന്‍ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റെയും പേരുകള്‍ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. നാല് അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് ഇരുവരെയും യോഗ്യരാണെന്ന് കണ്ടെത്തി തെരഞ്ഞെടുത്തത്.
മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ലോക് അദാലത്ത് അംഗം ഉണ്ണികൃഷ്ണ പണിക്കര്‍ എന്നിവരായിരുന്നു മറ്റ് അപേക്ഷകര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി ചീഫ് സെക്രട്ടറി എസ്.എം വിജയനന്ദനായിരുന്നു. ഇതിനുപുറമേ പി.എസ്.സി ചെയര്‍മാന്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, പി ആന്‍ഡ് ആര്‍.ഡി സെക്രട്ടറി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നത്.
മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്ന് ചട്ടമുണ്ടായിരിക്കെ സോമസുന്ദരത്തിന്റെയും സെന്‍കുമാറിന്റെയും പേരുകള്‍ മാത്രമേ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചുള്ളൂ. യോഗ്യനായ വേദ ശിരോമണിയെ ഒഴിവാക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി വിജയാനന്ദ്, ചീഫ് ജസ്റ്റിസ് ശാന്താനു മോഹന്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍, പി.എസ്.സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പി ആന്‍ഡ് ആര്‍.ഡി സെക്രട്ടറി സത്യജിത് റായി എന്നിവരായിരുന്നു അംഗങ്ങള്‍.
എന്നാല്‍ ഒക്‌ടോബര്‍ 27 വരെ സത്യജിത് റായി അവധിയിലായിരുന്നു. ഈ സമയം കഴിഞ്ഞ സര്‍ക്കാരിന്റെ വിശ്വസ്തനായ കെ.ആര്‍ ജ്യോതിലാലാണ് സെക്രട്ടറി പദവി വഹിച്ചിരുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരും സെന്‍കുമാറിന് അനുകൂലമായി നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ മുഖേന ഗവര്‍ണര്‍ക്ക് നല്‍കുന്ന ശുപാര്‍ശയില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് നിയമനം നല്‍കേണ്ടത്. അപേക്ഷകന്‍ വകുപ്പ് മേധാവി നല്‍കുന്ന ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിജ്ഞാപനത്തിലുണ്ടായിരുന്നു. ഇതുപ്രകാരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയോ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് ചീഫ് സെക്രട്ടറിയാണ്.
പരിശോധിച്ചപ്പോള്‍ ഫയലിന്റെ വേഗതയെ കുറിച്ചും സംശയംവന്നു. മുഖ്യമന്ത്രി നേരിട്ടന്വേഷിച്ചപ്പോള്‍ സെന്‍കുമാറിന്റെ അപേക്ഷ സ്വീകരിച്ചതിലും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കിയതിലും ചീഫ് സെക്രട്ടറി അസാധാരണ താല്‍പര്യം കാട്ടിയതായി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."