തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്കു അധ്യാപകരുടെ മര്‍ദനം
കോഴിക്കോട്: തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ സ്വാശ്രയസ്ഥാപനത്തില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കു അധ്യാപകരുടെ ക്രൂര മര്‍ദനം. മര്‍ദനത്തില്‍ പരുക്കേറ്റ ഒളവണ്ണ പള്ളിപ്പുറം കൊമ്മടത്ത് രമേശന്റെ മകന്‍ ഷിന്റോ (21) കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഈറോഡിലെ നാമക്കല്‍ എക്‌സല്‍ എന്‍ജിനീയറിങ് കോളജിലെ പോളിടെക്‌നിക് ഡിപ്ലോമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷിന്റോയെ അധ്യാപകര്‍ സി.സി ടി.വി ക്യാമറയില്ലാത്ത മുറിയില്‍ കൊണ്ടുപോയി ശാരീരികമായി മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പിതാവ് രമേശന്‍ പറഞ്ഞു.
ഷിന്റോയുടെ തലക്കും പുറത്തുമാണ് മുറിവ് പറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ്യാപകര്‍ ചേര്‍ന്ന് ഷിന്റോ ഉള്‍പ്പെടെയുള്ള ഏഴോളം വിദ്യാര്‍ഥികളെ മര്‍ദിച്ചത്. എന്നാല്‍ ഇവരെ ചികിത്സക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പുറത്തു പോകാനും കോളജ് അധികൃതര്‍ അനുവദിച്ചില്ല.
വീട്ടുകാരുമായുള്ള ബന്ധം തടയാന്‍ ഫോണും വാങ്ങിവയ്ക്കുകയും ചെയ്തു. ഒടുവില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മതില്‍ ചാടി വിദ്യാര്‍ഥികള്‍ രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള അടിപിടിയാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് ഷിന്റോ പറഞ്ഞു. പൊലിസ് കമ്മിഷണര്‍ക്കു നല്‍കിയ പാരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."