സ്വാശ്രയ സ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്തും: മന്ത്രി സി.രവീന്ദ്രനാഥ്
നാദാപുരം: കോളജുകളില്‍ ഇടിമുറികള്‍ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകള്‍ നിലയ്ക്കു നിന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.
പാമ്പാടി നെഹ്‌റു കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാകണം. അല്ലാതെ വന്നാല്‍ സര്‍ക്കാരും ജനാധിപത്യ സമൂഹവും ഇടപെടും. സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍ക്കാരിനും മീതെ പറക്കുന്നുണ്ടെങ്കില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ മരണമുണ്ടായ ഉടനെ സര്‍വകലാശാലയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് ഇ.കെ വിജയന്‍ എം.എല്‍.എയോടൊപ്പം വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. മന്ത്രിയോടൊപ്പം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പി.എ മുഹമ്മദ് റിയാസ്, സി.പി.എം ഏരിയാ സെക്രട്ടറി പി.പി ചാത്തു എന്നിവരും ഉണ്ടായിരുന്നു. ഇന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."