അവകാശസംരക്ഷണം: ഖലീഫമാരുടെ മാതൃക
ഇസ്‌ലാമിക പ്രബോധനം ലോകത്തിന്റെ അഷ്ടദിക്കുകളില്‍ പരന്നൊഴുകിയതില്‍ നാലു ഖലീഫമാരുടെ ഭാഗധേയം നിസ്തുലമാണ്. കലുഷമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും പരിഭവങ്ങള്‍ക്ക് പ്രത്യുത്തരമേകിയും പൊതുജനങ്ങള്‍ക്കും ഭരണച്ചുമതലയുള്ളവര്‍ക്കും നിയന്ത്രണവും ദിശാബോധവും പകര്‍ന്നും ഇസ്‌ലാമിന്റെ നാലു ഖലീഫമാര്‍ വിസ്മയം വിരിയിച്ചവരായിരുന്നു. മുസ്‌ലിം പൊതുജനങ്ങള്‍ക്ക് ഇസ്‌ലാമിക സരണിയുടെ അകസാരം വിവരിച്ചു കൊടുക്കാനും മതപരമായ ശിക്ഷണത്തില്‍ അടിയുറപ്പിച്ചുനിര്‍ത്താനും നാലു ഖലീഫമാരും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.
ഖിലാഫത്ത് ഏറ്റെടുത്ത് അബൂബക്കര്‍(റ) നടത്തിയ നയപ്രഖ്യാപനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള പ്രോല്‍സാഹനവും ക്രിയാത്മക നിരൂപണത്തിന്റെ ഭരണഘടനയുമായിരുന്നു. ഭരണാധികാരിയെ നിരീക്ഷിക്കാനും, വിചാരണ ചെയ്യാനുമുള്ള അവകാശം പ്രജകള്‍ക്ക് നല്‍കുന്ന പ്രഭാഷണമായിരുന്നു അത്. അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നല്ലത് ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ സഹായിക്കുക. ഞാന്‍ മോശം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നിങ്ങളെന്നെ തിരുത്തുക.'
തന്നെ നിരൂപിക്കുന്നതിലും വിമര്‍ശിക്കുന്നതിലും സമൂഹത്തിനും അതിലെ ഓരോ പൗരനുമുള്ള അവകാശം അംഗീകരിക്കുകയാണ് ഇവിടെ അബൂബക്കര്‍(റ) ചെയ്തത്. മാത്രമല്ല, തനിക്ക് സംഭവിക്കുന്ന ഓരോ വീഴ്ചയും പ്രജകള്‍ ശരിപ്പെടുത്തണമെന്നും, അവര്‍ ശരിയാണെന്ന് വിശ്വസിക്കുന്ന മാര്‍ഗത്തില്‍ തന്നെ വഴിനടക്കാന്‍ അവര്‍ ശ്രമിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഏതൊരു ഭരണാധികാരിക്കും വീഴ്ചയും അബദ്ധവും സംഭവിക്കുമെന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് അബൂബക്കര്‍(റ) ചെയ്തത്. തനിക്ക് മറ്റുള്ളവരേക്കാള്‍ യാതൊരു മഹത്വവും അധികാരം മുഖേന കൈവരുന്നില്ലെന്നും പാപസുരക്ഷിതരായ പ്രവാചകന്മാരുടെ കാലം അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അല്ലാഹുവില്‍ നിന്ന് ദിവ്യബോധനം സ്വീകരിച്ചിരുന്ന അവസാന പ്രവാചകനും അവനിലേക്ക് തന്നെ യാത്രയായിരിക്കുന്നു. പ്രവാചകന് ശേഷം ബൈഅത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് അധികാരവും ഭരണവും നിശ്ചയിക്കപ്പെടുന്നത്.
പരസ്പരം സഹായിക്കാനും ഉപദേശിക്കാനും നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനും അവകാശമുള്ള സജീവമായ ഘടനയാണ് മുസ്‌ലിം ഉമ്മത്ത് എന്നതായിരുന്നു അബൂബക്കറി(റ)ന്റെ കാഴ്ചപ്പാട്. ചൊവ്വായ മാര്‍ഗത്തില്‍ ഈ ഉമ്മത്ത് നിലനില്‍ക്കണമെങ്കില്‍ അതിന്റെ ഭരണാധികാരികള്‍ ചൊവ്വായി നിലകൊള്ളണമെന്ന് പ്രവാചക സഖാക്കള്‍ മനസിലാക്കിയിരുന്നു.
അതിനാല്‍ തന്നെ ഭരണാധികാരികളെ നിരൂപിക്കുകയും നേര്‍വഴി നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അബൂബക്കറിന്റെ ഈ മഹത്തായ നിര്‍ദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ആധുനിക രാഷ്ട്ര ഘടനകള്‍ ഭരണാധികാരിക്ക് മുന്നില്‍ പദ്ധതികള്‍ സമര്‍പിക്കാനും, നിര്‍ദേശങ്ങള്‍ നല്‍കാനുമായി കൂടിയാലോചന സമിതി രൂപപ്പെടുത്തുകയുണ്ടായി.
ജനങ്ങള്‍ അവരുടെ അഭിപ്രായം നിസ്സങ്കോചം പ്രകടിപ്പിക്കണമെന്നായിരുന്നു ഉമര്‍ ബിന്‍ ഖത്വാബ്(റ)ന്റെ നയം. അദ്ദേഹം അവരുടെ അഭിപ്രായങ്ങള്‍ക്ക് വിലങ്ങ് വയ്ക്കുകയോ, അവ പ്രകടിപ്പിക്കുന്നതില്‍ നിന്ന് തടയുകയോ ചെയ്തില്ല. വ്യക്തമായ പ്രമാണങ്ങള്‍ ലഭ്യമല്ലാത്ത വിഷയങ്ങളില്‍ ഗവേഷണം നടത്താനും സ്വാഭിപ്രായം വ്യക്തമാക്കാനും അവര്‍ക്കെല്ലാം അവകാശമുണ്ടായിരുന്നു.
ഭരണാധികാരിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കാലത്ത് മലര്‍ക്കെ തുറന്നിട്ടിരുന്നു. പ്രഭാഷണം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: 'ജനങ്ങളേ, നിങ്ങളിലാരാണോ എന്നില്‍ അബദ്ധം കാണുന്നത്, അവനെന്നെ തിരുത്തട്ടെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു പറഞ്ഞു. അല്ലാഹുവിനെ തന്നെ സത്യം, ഞങ്ങള്‍ താങ്കളില്‍ വളവുകണ്ടാല്‍ വാള്‍ കൊണ്ട് അത് നിവര്‍ത്തുന്നതാണ്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞതിങ്ങനെയാണ്. ഈ ഉമ്മത്തില്‍ ഉമറിന്റെ വളവ്, വാള്‍ കൊണ്ട് നിവര്‍ത്തുവാന്‍ ധീരതയുള്ളവരെ സൃഷ്ടിച്ചഅല്ലാഹുവിന് സ്തുതി'.
ഖിലാഫത്ത് ഏറ്റെടുത്ത് നിര്‍വഹിച്ച പ്രഭാഷണത്തില്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: 'നന്മ കല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും നിങ്ങള്‍ എന്നെ സഹായിക്കുക, നിങ്ങള്‍ എന്നെ ഉപദേശിക്കുകയും ചെയ്യുക'.
നിര്‍മാണാത്മക രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ഉമര്‍(റ) പ്രോല്‍സാഹിപ്പിക്കുകയുണ്ടായി. അത് പ്രജകളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു: 'ജനങ്ങളേ, നിങ്ങള്‍ക്ക് മേല്‍ നമ്മോടുള്ള ചില ബാധ്യതകളുണ്ട്. ഉപദേശിക്കുകയും, നന്മയില്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് അത്'. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും തന്നെ നിരീക്ഷിക്കാനും, ചോദ്യം ചെയ്യാനുമുള്ള അവകാശമുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു.'എന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് തരുന്നവനെയാണ് ഞാനേറെയിഷ്ടപ്പെടുന്നത്'. ഒരു ദിവസം ഒരാള്‍ കടന്നുവന്ന് ജനങ്ങള്‍ക്കിടയില്‍വച്ച് ഇപ്രകാരം പറഞ്ഞു: 'ഉമര്‍, താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുക'. അവിടെയുണ്ടായിരുന്ന ചിലര്‍ അദ്ദേഹത്തെ കടന്നുപിടിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഉമര്‍(റ) അവരോട് പറഞ്ഞു: 'നിങ്ങള്‍ അത് (നിങ്ങളുടെ പരാതികള്‍) പറയുന്നില്ലെങ്കില്‍ നിങ്ങളില്‍ യാതൊരു നന്മയുമില്ല. ഞാനത് കേള്‍ക്കുന്നില്ലെങ്കില്‍ എന്നില്‍ ഒരു നന്മയുമില്ല'.
മറ്റൊരു ദിവസം ഉമര്‍(റ) വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ സ്ത്രീകള്‍ക്കുള്ള മഹര്‍ നാല് ഊഖിയയേക്കാള്‍ അധികരിപ്പിക്കരുത്. അതിനേക്കാള്‍ കൂടുതല്‍ നല്‍കിയാല്‍ കൂടുതലുള്ളവ ഞാന്‍ ബൈതുല്‍ മാലിലേക്ക് പിടിച്ചെടുക്കുന്നതാണ്. ഇതുകേട്ട ഒരു സ്ത്രീ എഴുന്നേറ്റ് ചോദിച്ചു: 'അതെങ്ങനെ?'എന്താ അതുകൊണ്ടുള്ള പ്രശ്‌നം. ആ സ്ത്രീ പറഞ്ഞു:'അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടില്ലേ 'നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യ ഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഒന്നും തന്നെ തിരിച്ച് വാങ്ങരുത്.'( അന്നിസാഅ് 20). ഇതുകേട്ട ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവെ എനിക്ക് പൊറുത്തു തന്നാലും, എല്ലാ മനുഷ്യരും ഉമറിനേക്കാള്‍ വിവരമുള്ളവരാണ്'.
ഇസ്‌ലാമിക സമൂഹത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിക്കുന്ന ഒട്ടേറെ വാക്കുകളും നിലപാടുകളും അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത് പ്രജകളുടെ സ്വാതന്ത്ര്യത്തെക്കുറിക്കുന്ന മനോഹര മാതൃകകള്‍ കണ്ടെത്താന്‍ സാധിക്കുകയുണ്ടായി. ശാമുമായി യുദ്ധത്തിന് പുറപ്പെട്ട അദ്ദേഹത്തിന്റെ സൈന്യത്തില്‍ നിന്ന് ഏതാനും പേര്‍ പിന്‍വാങ്ങിയപ്പോള്‍ അദ്ദേഹം അവരെ നിര്‍ബന്ധിക്കുകയുണ്ടായില്ല.
സ്വിഫ്ഫീന്‍ യുദ്ധത്തിന് ശേഷം ഖവാരിജുകള്‍ അദ്ദേഹത്തിനെതിരേ കലാപമുയര്‍ത്തിയപ്പോള്‍, തന്റെ അധികാരത്തിന് കീഴില്‍ നില്‍ക്കാന്‍ അദ്ദേഹം ആരെയും നിര്‍ബന്ധിച്ചില്ല. മാത്രമല്ല, കലാപകാരികള്‍ക്ക് മേല്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സ്വന്തം അനുയായികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു:'നിങ്ങള്‍ക്ക് നമ്മുടെയടുത്ത് മൂന്ന് അവകാശങ്ങളുണ്ട്. ഈ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ നിന്ന് നാം നിങ്ങളെ തടയുകയില്ല. നിങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടായിരിക്കുന്ന കാലത്തോളം യുദ്ധാനന്തര സ്വത്തില്‍ നിന്നുള്ള നിങ്ങളുടെ വീതവും തടയുകയില്ല. നിങ്ങള്‍ ഞങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ ഞങ്ങള്‍ യുദ്ധത്തിലേര്‍പെടുകയുമില്ല'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."