വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണോ? സര്‍ക്കാരിന് പോള്‍ ആന്റണിയുടെ കത്ത്
തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മൂന്നാം പ്രതിയായ പോള്‍ ആന്റണിയെ വ്യവസായ വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രി നടപടി തുടങ്ങിയെന്ന സൂചന പുറത്തുവന്നതിനെ തുടര്‍ന്ന് സ്ഥാനത്ത് തുടരണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആരാഞ്ഞ് പോള്‍ ആന്റണി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് കത്ത് നല്‍കി.
തന്നെ പ്രതിയാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എഫ്.ഐ.ആറിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ.സി.മൊയ്തീനു കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് കത്തില്‍ ഇനി നിര്‍ണായകമാവുക. പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡിയായി പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ നിയമിച്ച കേസിലാണ് ഇ.പി ജയരാജനെ ഒന്നാം പ്രതിയും സുധീര്‍ നമ്പ്യാരെ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണിയെ മൂന്നാം പ്രതിയുമാക്കി വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. നിയമനത്തിന് ചുമതലയുള്ള റിയാബിന്റെ മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ ജയരാജന്‍ ഇടപെട്ടുവെന്നും സുധീറിന്റെ നിയമനം റിയാബിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിജിലന്‍സ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സുധീറിന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ഉണ്ടായിരുന്നില്ലെന്നും നടന്നത് ഗുരുതര ഗൂഢാലോചനയാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കത്ത് സംബന്ധിച്ച വാര്‍ത്ത മന്ത്രി എ.സി.മൊയ്തീന്‍ നിഷേധിച്ചു. കത്ത് കിട്ടിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു.അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രം നടപടി എടുക്കും. പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും എ.സി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."