600 കോടി അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് സുബ്രതാ റോയിക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: 600 കോടി രൂപ സെബിയില്‍ കെട്ടിവച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റോയിക്ക് സുപ്രിം കോടതി മുന്നറിയിപ്പ്.
പണം അടക്കുന്നത് ഫെബ്രുവരി ആറില്‍ നിന്ന് നീട്ടണമെന്ന അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രിം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്.
മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പരോളില്‍ കഴിയുന്ന അദ്ദേഹം നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പണം ലഭ്യമല്ലെന്നും അതുകൊണ്ട് 600 കോടി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എ.കെ സിക്രി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് അദ്ദേഹത്തിനോട് ജയിലില്‍ പോകേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കിയത്.
കമ്പനി നിക്ഷേപകര്‍ക്ക് 18,000 കോടി രൂപ നല്‍കാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ 2014 മെയ് നാലിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. സഹാറ കമ്പനിയുടെ കീഴിലുള്ള സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നീ രണ്ടു കമ്പനികള്‍ നിക്ഷേപകരെ കബളിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു സുബ്രതാ റോയിക്കെതിരേ കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."