രഞ്ജി ട്രോഫി: മുംബൈ തിരിച്ചടിക്കുന്നു
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്ന മുംബൈ രണ്ടാം ഇന്നിങ്സില്‍ തിരിച്ചടിക്കുന്നു. ഗുജറാത്തിനെ ആദ്യ ഇന്നിങ്സില്‍ 328 റണ്‍സിന് പുറത്താക്കിയ മുംബൈ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിട്ടുണ്ട്. ടീമിനിപ്പോള്‍ 108 റണ്‍സ് ലീഡുണ്ട്.
സൂര്യകുമാര്‍ യാദവ്(45*) ആദിത്യ താരെ(13*) എന്നിവരാണ് ക്രീസില്‍. 100 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ മുംബൈ രണ്ടാമിന്നിങ്സില്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. അഖില്‍ ഹെര്‍വാദ്കര്‍(16) പ്രിഥ്വി ഷാ(44) സഖ്യം 54 റണ്‍സിന്റെ മികച്ച തുടക്കം നല്കി. എന്നാല്‍ ഹെര്‍വാദ്കറും പ്രിഥ്വിയും പുറത്തായതോടെ ശ്രേയസ് അയ്യര്‍(82) സുര്യകുമാറുമായി ചേര്‍ന്ന് മത്സരത്തെ മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു.
ശ്രേയസ് 137 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്സറുമടിച്ചു. പ്രിഥ്വയുടെ ഇന്നിങ്സില്‍ എട്ടു ബൗണ്ടറിയുണ്ട്. 175 പന്തില്‍ അഞ്ചു ബൗണ്ടറിയടിച്ച് പുറത്താകാതെ നില്ക്കുന്ന സൂര്യകുമാറിലാണ് നാലാം ദിനം മുംബൈയുടെ പ്രതീക്ഷകള്‍. സൂര്യകുമാറും താരെയും മികച്ച ഇന്നിങ്സുകള്‍ കാഴ്ച്ചവച്ചാല്‍ മുംബൈക്ക് വമ്പന്‍ ലീഡ് സ്വന്തമാക്കാന്‍ സാധിക്കും.
നേരത്തെ ആറിന് 291 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിന് ശേഷിച്ച വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. ചിരാഗ് ഗാന്ധി(17) മത്സരം തുടങ്ങി ആദ്യ ഓവറില്‍ തന്നെ പുറത്തായി. റുഷ് കലാരിയ(27) ആണ് സ്കോര്‍ 300 കടത്തിയത്. മുംബൈക്ക് വേണ്ടി ഷാര്‍ദുല്‍ താക്കൂര്‍ നാലു വിക്കറ്റെടുത്തു. ബല്‍വീന്ദര്‍ സിങ്, അഭിഷേക് നായര്‍ എന്നിവര്‍ മൂന്നു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."