നികുതി അടച്ചില്ല; പ്രിയദര്‍ശിനി ബസുകളുടെ സര്‍വിസ് മുടങ്ങി
മാനന്തവാടി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തില്‍ ആരംഭിച്ച പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ കീഴിലെ ബസുകളുടെ നികുതി യഥാസമയം അടയ്ക്കാത്തതിനാല്‍ ഒരാഴ്ചയോളമായി കട്ടപ്പുറത്ത്.
ഒരു ടൂറിസ്റ്റ് ബസ്, ഉള്‍പ്പെടെ എട്ട് ബസുകളാണ് സംഘത്തിനുള്ളത്. ഈ ബസുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയുള്ളവ വാളാട്, കമ്മന, പഞ്ചാരക്കൊല്ലി, ബത്തേരി വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് ബസുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ബ്രേക്കിന് പണി തീര്‍ത്ത ഒരു ബസ് മാത്രമാണ് സഹകരണ സംഘം ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത്. ഒരു ബസിന് മുപ്പതിനായിരം രൂപ തോതില്‍ ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് റോഡ് നികുതി അടയ്ക്കാനുള്ളത്. ഡിസംബര്‍ ആറിനാണ് നികുതി അടക്കേണ്ടിയിരുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരുമാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ പണം അടക്കാന്‍ കഴിയാത്തതാണ് സര്‍വിസുകള്‍ നിലക്കാന്‍ കാരണം. തിരുവനന്തപുരം, വാളാട്, തിരുനെല്ലി, കോഴിക്കോട്, ബത്തേരി, പുല്‍പ്പള്ളി, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വിസ് നടത്തിക്കൊണ്ടിരുന്നത്.
തിരുവനന്തപുരത്തേക്ക് ഓടിയിരുന്ന രണ്ട് ബസുകളും വലിയ ലാഭത്തിലായിരുന്നു. എന്നാല്‍ നിരന്തരമുണ്ടായ അപകടവും അധികൃതരുടെ പിടിപ്പുകേടും മൂലം ഈ സര്‍വിസുകള്‍ നിലവില്‍ നഷ്ടത്തിലാണ്. സുല്‍ത്താന്‍ ബത്തേരി സര്‍വിസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കാര്യശേഷിയുള്ള സ്ഥിരം സെക്രട്ടറി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നികുതി അടക്കാനായി 10 ലക്ഷം രൂപ ബാങ്ക് വായ്പക്കായി കാത്തിരിക്കുകയാണ്.
വായ്പ കിട്ടുന്ന മുറക്കേ ബസുകള്‍ നിരത്തിലിറങ്ങൂ. അതേസമയം ബസുകള്‍ കട്ടപ്പുറത്തായ വിവരം സംഘം ചെയര്‍മാനായ ജില്ലാ കലക്ടറോ, മാനേജിങ് ഡയറക്ടറായ സബ്ബ് കലക്ടറോ അറിഞ്ഞിട്ടില്ലെന്നതാണ് ഏറെ തമാശ. ഇവര്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാതെ കീഴ്ജീവനക്കാര്‍ മൂടിവെക്കുകയായിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."