വിമാനത്താവള റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി. സിംപിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നേരത്തെ, കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിഭാഗത്തില്‍നിന്ന് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എയ്ക്കു കൈമാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതിയായത്. റണ്‍വേ നവീകരണത്തിനോടൊപ്പംതന്നെ പുതിയ സംവിധാനത്തിലുളള ലൈറ്റുകളും സ്ഥാപിക്കും. നാലു ലൈറ്റുകളാണ് ഒരു ഭാഗത്തു സ്ഥാപിക്കുക. കരിപ്പൂരിലെ രണ്ടു റണ്‍വേകളിലായി എട്ടു ലൈറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.
റണ്‍വേയുടെ തുടക്കത്തില്‍നിന്ന് 925 മീറ്റര്‍ പിന്നിടുന്ന സ്ഥലത്താണ് ഇവ സ്ഥാപിക്കുക. പുതിയ ലൈറ്റുകള്‍ വരുന്നതോടെ റണ്‍വേ എത്ര ദൂരം പിന്നിട്ടുവെന്ന് മനസിലാക്കാന്‍ വിമാന പൈലറ്റിന് സാധിക്കും. റണ്‍വേയുടെ മധ്യത്തില്‍നിന്ന് ഇടതു വലതു ഭാഗങ്ങളലായി രണ്ടു ലൈറ്റുകള്‍ വീതമാണ് സ്ഥാപിക്കുക. റണ്‍വേയുടെ ഉപരിതലത്തില്‍തന്നെയാണ് ഇവ ഉണ്ടാകുക.
ഫെബ്രുവരി അവസാനത്തോടെ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി പൂര്‍ത്തികരിക്കാനാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."