കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങള്‍ക്ക് അനുമതി പുതിയ ഉപാധിയുമായി കേന്ദ്രം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനു മുന്‍പില്‍ കേന്ദ്രത്തിന്റെ പുതിയ ഉപാധി. റണ്‍വേ വികസനത്തിനായി 50 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തുനല്‍കിയാല്‍ റണ്‍വേയുടെ വീതി വര്‍ധിപ്പിച്ചശേഷം വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നല്‍കാമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ റണ്‍വേയില്‍ നടക്കുന്ന അറ്റകുറ്റപ്പണി പൂര്‍ത്തിയായാലും റണ്‍വേയുടെ വീതി 300 മീറ്ററും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 24 ഃ 90 മീറ്റര്‍ വേണമെന്നുമുള്ള നിലപാടില്‍ തന്നെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. മംഗലാപുരം വിമാനദുരന്തത്തിനു മുന്‍പുവരെ റണ്‍വേ വീതി 150 മീറ്ററും റണ്‍വെ എന്‍ഡ് സേഫ്റ്റി എന്നത് 90 ഃ 90 മീറ്ററായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നായിരുന്നു പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. അനുമതിക്കായി എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടക്കുമ്പോഴാണ് പുതിയ ഉപാധികളുമായി എയര്‍പോര്‍ട്ട് അതോറിറ്റിയും വ്യോമയാന മന്ത്രാലയവും നീങ്ങുന്നത്. ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി റണ്‍വേ വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്.ഇത് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ലഭിക്കുന്നത് താമസിപ്പിക്കും.
അതിനിടെ കോഴിക്കോടുനിന്നു ഹജ്ജ് വിമാന സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തിന് മേലുള്ള സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് 17ന് മന്ത്രി കെ.ടി ജലീല്‍ കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ട്. ഈമാസം 25ന് ശേഷമാണ് രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുക.
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത് മലബാറില്‍ നിന്നായതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ എംബാര്‍ക്കേഷന്‍ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. കരിപ്പൂരിനേക്കാള്‍ റണ്‍വേ ചെറുതായ വിമാനത്താവളങ്ങളില്‍ നിലവില്‍ വലിയ വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."