പൊതു കിണര്‍ വറ്റിവരണ്ടു; കുടിവെള്ളക്ഷാമം രൂക്ഷം
ഏറ്റുമാനൂര്‍: നഗരസഭയിലെ 33, 34 വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഏറ്റുമാനൂര്‍ നഗരസഭയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ ടൗണിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കണ്ണാറമുകള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കിണറുകളെല്ലാം വറ്റി വരണ്ടതാണ് കാരണം. നല്ലൊരു ശതമാനം ജനങ്ങളും ലോറിയിലെത്തുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഈ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരിക്കെ 2010 ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടെ കിണര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സ്ഥലവാസികള്‍ 10 ലക്ഷത്തോളം രൂപാ സമാഹരിച്ച് കുടിവെള്ള പദ്ധതിക്കായി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ കിണര്‍ നിര്‍മിച്ചു. അധികാരികളുടെ നിര്‍ദേശ പ്രകാരം ടാങ്ക് നിര്‍മ്മിക്കാനുള്ള ഒരു സെന്റ് സ്ഥലം കണ്ണാറമുകള്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് വില കൊടുത്തു വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ അധികൃതരുടെ അവഗണനയും അനാസ്ഥയും മൂലം ആറു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കിയില്ല. നഗരസഭ നിലവില്‍ വന്നിട്ടും ടൗണ്‍ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാനായില്ല.
2013-14 ല്‍ 33, 34 വാര്‍ഡുകളിലെ കുടിവെള്ള പദ്ധതിക്കായി വകയിരുത്തിയ 14,90,000 രൂപയില്‍ സ്പില്‍ ഓവര്‍ തുകയായ 8,90,000 രൂപ പദ്ധതി നടത്തിപ്പില്‍ വന്ന കാലതാമസം മൂലം ലാപ്‌സായി എന്നാണ് ഇപ്പോള്‍ നഗരസഭ അറിയിച്ചിരിക്കുന്നത്. ഏകദേശം 60 ലക്ഷം രൂപാ ചെലവു പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതി എം.എല്‍.എ., എം.പി. ഫണ്ടുകളില്‍ നിന്ന് കൂടി തുക അനുവദിച്ച് പൂര്‍ത്തിയാക്കുകയാണ് ചെയ്യേണ്ടതെന്ന് കൗണ്‍സിലര്‍ ഉഷാ സുരേഷ് പറഞ്ഞു. ഇതിനിടെ, 33, 34 വാര്‍ഡ് നിവാസികള്‍ പടിഞ്ഞാറെ നട കുടിവെള്ള ഉപഭോക്തൃസമിതി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് സമര പരപാടികള്‍ക്കൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."