മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്ക് പുല്ലുവില; നാടാകെ ഭൂമി പിളര്‍ന്നുള്ള മണ്ണ് ഖനനം
വടക്കാഞ്ചേരി: മണ്ണ് ഖനത്തിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണകൂടം നിരന്തരം പ്രഖ്യാപിക്കുമ്പോഴും മണ്ണ് മാഫിയ നാടെങ്ങും വിഹരിക്കുന്നു. കുന്നുകള്‍ ഇടിച്ച് നിരത്തിയും പാടശേഖരങ്ങള്‍ ഉഴുത് മറിച്ച് മണ്ണ് കുഴിച്ചെടുത്തും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മാഫിയ സംഘം. ഇന്നലെ പുലര്‍ച്ചെ ആവശ്യമായ രേഖകളില്ലാതെ നാഷ്ണല്‍ പെര്‍മിറ്റ് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന നാല് ലോറി മണ്ണ് അത്താണിയില്‍ വെച്ച് വടക്കാഞ്ചേരി ഹൈവേ പൊലിസ് പിടികൂടി. രാത്രി കാല പട്രോളിങ്ങിനിടെയായിരുന്നു വന്‍മണ്ണ് ലോബി പിടിയിലായത്. നിലമ്പൂരില്‍ നിന്ന് ഒല്ലൂരിലേക്ക് കൊണ്ടു വന്നിരുന്ന മണ്ണാണ് എസ്.ഐ ഹംസയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടിച്ചെടുത്തത്.
പലചരക്ക് സാധനങ്ങളെന്ന വ്യാജേനയായിരുന്നു കടത്തല്‍. ടാര്‍പായ കെട്ടി സുരക്ഷിതമായി മൂടിയായിരുന്നു വന്‍ ഉയരത്തില്‍ മണ്ണ് നിറച്ചിരുന്നത്. ലോറിയുടെ വശങ്ങളില്‍ മണ്ണ് കണ്ടതിനെ തുടര്‍ന്ന് പൊലിസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വന്‍ മണ്ണ് കടത്ത് പുറത്തായത്. നിലമ്പൂരില്‍ നിന്ന് അത്താണി വരെ കിലോമീറ്ററുകളോളം ലോറികള്‍ സഞ്ചരിച്ചിട്ടും ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ലോഡ് കണക്കിന് മണ്ണ് കടത്തുമ്പോള്‍ വല്ലപ്പോഴും മാത്രമാണ് കടത്തുകാര്‍ പിടിയിലാകുന്നതെന്ന വസ്തുതയും നിലനില്‍ക്കുന്നു. മണ്ണ് മണല്‍ മാഫിയക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനം മാത്രം നടത്തുന്ന അധികൃതര്‍ മാഫിയ സംഘത്തിന് കുടപിടിക്കുകയാണെന്ന പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."