രോഗികള്‍ക്ക് സഹായവുമായി കൊടകരയില്‍ 'സ്പര്‍ശം'
കൊടകര: സംസ്ഥാനത്തല്ല ഒരു പക്ഷെ രാജ്യത്തു തന്നെ ആദ്യമായി തങ്ങളുടെ പരിധിയിലെ എല്ലാ കുടുംബങ്ങളെയും പങ്കാളികളാക്കി ഒരു പഞ്ചായത്ത് ജനങ്ങള്‍ക്കായി സമഗ്ര ആരോഗ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നു. കൊടകര പഞ്ചായത്ത് ആണ് ഇത്തരത്തില്‍ തികച്ചും പുതുമയാര്‍ന്നതും രോഗികള്‍ക്ക് ഏറെ സഹായകരവുമായ പദ്ധതി 'സ്പര്‍ശം' പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. പഞ്ചായത്തിലുള്ള സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, ആശുപത്രികളുടെയും സഹകരണത്തോടെ ആണ് പദ്ധതി നിര്‍വഹണം. നിലവില്‍ 102 ക്യാന്‍സര്‍ രോഗികളും, നാല്‍പതോളം കിടപ്പ് രോഗികളും, 30 ഓളം ഗുരുതര രോഗം ബാധിച്ചവരും, 40 ഓളം വൃക്ക രോഗികളും ദിനംപ്രതി ഡയാലിസിസ് ആവശ്യമായ 10 രോഗികളും ഉള്‍പടെ 620 ഓളം പേരാണ് കൊടകര പഞ്ചായത്തില്‍ ഉള്ളത്. ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനായി നിയോഗിച്ചിട്ടുള്ള നഴ്‌സിന് എത്ര ശ്രമിച്ചാലും 14 മുതല്‍ 16 ദിവസത്തിലൊരിക്കലാണ് ഓരോ രോഗിയെയും സന്ദര്‍ശിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവ് കൂടിയാണ് പഞ്ചായത്തിനെ ഇത്തരം ഒരു പദ്ധതിയെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കൂടാതെ പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടാനോ മരണത്തിലേക്ക് പോകണോ ഒരാളെയും അനുവദിച്ചുകൂടാ മറിച്ചു ചികിത്സയും തുടര്‍ ചികിത്സയും ഉറപ്പു വരുത്തണം എന്ന സമീപനവും പദ്ധതിക്ക് ആവിഷ്‌കരിക്കുന്നതിനു കരുത്തായി. നിലവില്‍ പഞ്ചായത്തിലെ എല്ലാ ക്യാന്‍സര്‍ രോഗികളെയും കൊണ്ട് എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച പഞ്ചായത്ത് ഒരു ഏകദിന വിനോദയാത്ര പദ്ധതി വിജയകരമായി നടത്തുന്നുണ്ട്.
അതിനു പുറമെയാണ് ദിനംപ്രതി പരിചരണം ആവശ്യമുണ്ടെന്നു പഞ്ചായത്ത് തിരിച്ചറിഞ്ഞ 620 ഓളം രോഗികള്‍ക്കായുള്ള തുടര്‍ ചികിത്സാ പദ്ധതി കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 19 വാര്‍ഡുകളില്‍ 9500 ഓളം വീടുകളിലായുള്ള 30,000 ത്തിനും അല്‍പം മേലെ വരുന്ന മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിക്കുക എന്ന ആശയമാണ് പഞ്ചായത്തിന്റെ വിവിധ തലങ്ങളിലായി നടന്ന ആലോചനകളില്‍ ഉരുത്തിരിഞ്ഞത്. ഇത് പ്രകാരം വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായുള്ള വാര്‍ഡ് വികസന സമിതി, അയല്‍സഭ എന്നിവയെ സജീവമായി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു. എല്ലാ വാര്‍ഡ് വികസന സമിതിയുടെയും പേരില്‍ ബാങ്കില്‍ അല്‍കൗണ്ടും ആരംഭിച്ചു. ഫെബ്രുവരി 1 മുതല്‍ പഞ്ചായത്തിലെ ഓരോ വീട്ടിലും, ഓരോ സ്ഥാപനത്തിലും 'സ്പര്‍ശം ചെപ്പ്' നല്‍കാനും തീരുമാനമായി. ചെപ്പില്‍ ഓരോരുത്തരും ഓരോ രൂപ വീതം ദിനംപ്രതി നിക്ഷേപിച്ചാല്‍ തന്നെ മാസം മൂന്നു ലക്ഷം രൂപ ലഭിക്കും.
ചുരുങ്ങിയത് ഒരു ലക്ഷം രൂപ എങ്കിലും ലഭിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. ഇതില്‍ 80 ശതമാനം പഞ്ചായത്ത് തല ആരോഗ്യ പദ്ധതിക്ക് നല്‍കണം. ശേഷിച്ച 20 ശതമാനം ബന്ധപ്പെട്ട അയല്‍സഭകള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗത്തിനായി നീക്കിവെക്കും. കൂടാതെ ഇതിനകം പഞ്ചായത്തില്‍ രൂപീകൃതമായ 106 സ്‌ക്വാഡുകള്‍ ഞായറാഴ്ച പഞ്ചായത്തിലെ ഓരോ വീടുകളിലും കയറി ഇറങ്ങി പിരിവ് നടത്തും. അതിലുപരി പദ്ധതിയെ പറ്റി അറിഞ്ഞ നിരവധി പേര്‍ പണം വാഗ്ദാനം തന്നിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ പറഞ്ഞു.
പണം സ്വരൂപിക്കാനായി കൊടകര പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരില്‍ കൊടകര എസ്.ബി.ടിയില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് 0000733, അക്കൗണ്ട് നമ്പര്‍ 6738 7925 235. ഇന്ന് രാവിലെ 9.30 ന് കൊടകര പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ ചേരുന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സി അധ്യക്ഷനുമാവും. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എല്‍ പാപ്പച്ചന്‍, അംഗങ്ങളായ കെ.എ തോമസ്, വി.കെ സുബ്രമണ്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."