തൊഴില്‍ മാറ്റം ഉപാധികളില്ലെന്നു സൂചന
ദോഹ: പുതിയ നിയമപ്രകാരം നിലവിലുള്ള കമ്പനിയില്‍ നിന്ന് വേറൊരു കമ്പനിയിലേക്ക് ജോലി മാറുന്നതിന് നിശ്ചയിച്ചിരുന്ന ഉപാധികള്‍ ഒഴിവാക്കിയതായി റിപോര്‍ട്ട്. ഭരണവികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇതു സംബന്ധമായ ഉപാധികള്‍ നീക്കം ചെയ്തതായി അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു. ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് ജോലി മാറണമെങ്കില്‍ പുതിയ തൊഴിലുടമക്ക് അതേ പ്രൊഫഷനും രാജ്യവും ലിംഗവും യോജിക്കുന്ന വിസ വേണമെന്നായിരുന്നു പുതിയ നിയമത്തില്‍ ഉണ്ടായിരുന്ന നിബന്ധന. എന്നാല്‍, ജോലി മാറ്റത്തിന് അപേക്ഷിക്കാനുള്ള മന്ത്രാലയം വെബ്‌സൈറ്റിന്റെ ലിങ്കില്‍ ഇപ്പോള്‍ ഉപാധികള്‍ കാണുന്നില്ല. 60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് നിശ്ചയിച്ചിരുന്ന നിബന്ധനകളും നീക്കം ചെയ്തിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ 'വര്‍ക്കര്‍ നോട്ടീസ് ഇസര്‍വീസ്' എന്ന ലിങ്ക് വഴിയാണ് പ്രവാസി തൊഴിലാളികള്‍ തൊഴിലുടമയെ മാറുന്നതിനും രാജ്യം വിടുന്നതിനും വേണ്ടി അപേക്ഷിക്കേണ്ടത്. ഖത്തര്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. തുടര്‍ന്ന് മൊബൈലില്‍ അയച്ചു കിട്ടുന്ന പിന്‍ നമ്പര്‍ അടിക്കുന്നതോടെ ജോലി, വയസ്സ്, തൊളിലുടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ലഭിക്കുന്നതാണ്. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് ജോലി മാറ്റം, രാജ്യം വിടല്‍ എന്നവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. അറ്റസ്റ്റ് ചെയ്ത കരാര്‍ കോപ്പി അപ്്‌ലോഡ് ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പുതിയ തൊഴിലുടമയ്ക്ക് തൊഴിലാളിയെ സ്വീകരിക്കുന്നതിന് അധികൃതരില്‍ നിന്നുള്ള തടസ്സങ്ങളൊന്നുമുണ്ടാവാന്‍ പാടില്ലെന്നാണ് ഇതു സംബന്ധമായ ഉപാധികളില്‍ പറഞ്ഞിരിക്കുന്നത്. നിശ്ചിത കാലാവധിക്കുള്ള കരാര്‍ ആണെങ്കില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കണം. ഓപ്പണ്‍ കരാര്‍ ആണെങ്കില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം പൂര്‍ത്തിയായാലാണ് ജോലി മാറാനാവുക. അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ 30 ദിവസത്തിനു മുമ്പും അഞ്ച് വര്‍ഷത്തിലേറെ കഴിഞ്ഞവര്‍ 60 ദിവസത്തിനു മുമ്പും ജോലി മാറ്റത്തിന് വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ തൊഴിലാളി അതു സംബന്ധമായ രേഖകളും അറ്റാച്ച് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."