സഊദി പൊതുമാപ്പ്: ആയിരങ്ങള്‍ക്ക് ആശ്വാസമാകും
റിയാദ്: സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് വിവിധ പ്രശ്‌നങ്ങളില്‍ പെട്ട് കഴിയുന്ന മലയാളികളടക്കം നിരവധി പേര്‍ക്ക് നാട്ടിലെത്താന്‍ സഹായകമാകും. അധികൃതരുടെ കണ്ണ് വെട്ടിച്ചു രാജ്യത്തു കഴിഞ്ഞു കൂടുന്ന തൊഴിലാളികളടക്കമുള്ള ആയിരങ്ങള്‍ക്കാണ് മൂന്നു മാസത്തെ പൊതുമാപ്പ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാനാവുക. സാമ്പത്തിക പ്രശ്‌നത്തില്‍ തകര്‍ന്ന കമ്പനികളുടെ അനാസ്ഥ മൂലം രാജ്യത്തെ താമസരേഖ കാലാവാധി കഴിഞ്ഞത് മൂലം നട്ടം തിരിയുന്ന വിദേശികള്‍ക്കും ഇത് ഏറെ ആഗ്രഹമാണ്.
മനപൂര്‍വം അധികൃതരുടെ കണ്ണ് വെട്ടിച്ചു നിയമ വിധേയമല്ലാതെ സഊദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ വളരെ കുറവാണെങ്കിലും മറ്റു പല പ്രശ്‌നങ്ങള്‍ മൂലം നിയമ വിധേയമല്ലാതെയായി കഴിയുന്ന മലയാളികളടക്കമുള്ള നിരവധി പേരാണ് ഇവിടെയുള്ളത്.
സ്‌പോണ്‍സറുടെ കെടു കാര്യസ്ഥത മൂലം അനധികൃത താമസക്കാരായവരോ, സ്‌പോണ്‍സര്‍മാര്‍ ഒളിച്ചോടിയതായി കാണിച്ചു പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കുടുങ്ങിയവര്‍ക്കോ പിഴ അടച്ചാല്‍ നാട്ടിലേക്ക് തിരിക്കാം.
ഹജ്ജ്, ഉംറ വിസകളില്‍ പുണ്യ ഭൂമിയിലെത്തി അനധികൃതമായി താമസിക്കുന്നവരിലും മലയാളികളും ഇന്ത്യക്കാരും വളരെ അപൂര്‍വമാണ്. വിസ, തൊഴില്‍ നിയമക്കുരുക്കുകളില്‍ പെട്ട് സഊദിയില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരികെ പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ് ഈ പൊതുമാപ്പ് പ്രഖ്യാപനം.
ഇത്തരം പ്രവാസികള്‍ക്ക് പിഴ നല്‍കാതെയും, ശിക്ഷാനടപടികള്‍ നേരിടാതെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ പൊതുമാപ്പിന്റെ മൂന്നുമാസകാലാവധിയ്ക്കുള്ളില്‍ കഴിയും.
ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്നതും സഊദിയിലേക്ക് തിരിച്ചുവരാത്ത വിധത്തിലുള്ള വിരലടയാളമെടുക്കില്ലയെന്നതും ഏറെ അനുഗ്രഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."