കലോത്സവ ലഹരിക്കിടെ 'ചെഗുവേര നാടകം'
കണ്ണൂര്‍: ഉത്തരകേരളത്തില്‍ വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ കണ്ണൂരില്‍ ചെഗുവേര നാടകം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരന്തരം ഏറ്റുമുട്ടുന്ന സി.പി.എമ്മും ബി.ജെ.പിയുമാണ് ചെഗുവേരയുടെ പടത്തെ ചൊല്ലി തര്‍ക്കിക്കുന്നത്.
രാഷ്ട്രീയ കൊലപാതകത്തിലെത്തിയിട്ടില്ലെങ്കിലും ഇരു ജില്ലകളിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ചു ചെഗുവേര ബോര്‍ഡുകളും ബാനറുകളും ഉയരുന്നുണ്ട്. ഇതുകൂടാതെ ചെഗുവേര ചിത്രങ്ങളേന്തിയുള്ള പ്രകടനങ്ങളും നടന്നുവരികയാണ്. ബി.ജെ.പി സംസസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചെഗുവേരയെ വിമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. കാസ്‌ട്രോ മന്ത്രിസഭയില്‍ അംഗമായ ചെഗുവേര മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ കറുത്ത വര്‍ഗക്കാരായ ആളുകള്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
മുക്കിലും മൂലയിലും ചെഗുവേരയുടെ ബോര്‍ഡുകളുയര്‍ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ അതെടുത്തു മാറ്റണമെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ചെഗുവേര ചിത്രം ഹെല്‍മറ്റില്‍ പതിച്ചു ചുവപ്പുമുണ്ടുടുത്ത എസ്.എഫ്.ഐക്കാരായ വിദ്യാര്‍ഥികളെ കാസര്‍കോട്ടെ ബി.ജെ.പി കേന്ദ്രമായ പറക്കളായിയില്‍ ആര്‍.എസ്.എസുകാരെന്നു ആരോപിക്കുന്ന സംഘം അക്രമിച്ചതോടെ പ്രശ്‌നം വഷളായി.
എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്കു സംരക്ഷണമൊരുക്കി കണ്ണൂരിലെ സി.പി.എം നേതൃത്വം പ്രതിരോധം തീര്‍ത്തു.
ഇതിനിടയില്‍ എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കിയ ബി.ജെ.പി ഉത്തരമേഖലാ ജാഥയ്ക്കു പഴയങ്ങാടിയിലെ സ്വീകരണ കേന്ദ്രത്തില്‍ ചെഗുവേരയുടെ കൂറ്റന്‍ ഫഌക്‌സുയര്‍ത്തിയാണ് സി.പി.എം തിരിച്ചടിച്ചത്. സംഭവത്തില്‍ ഇവിടെ ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
പഴയങ്ങാടി പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കത്തിലുള്ള ജില്ലയില്‍ പുതിയ സംഭവവികാസത്തില്‍ സമാധാന പ്രേമികള്‍ ഏറെ ആശങ്കയിലാണ്. ജില്ലയുടെ മുക്കിലും മൂലയിലും ചെഗുവേര ബോര്‍ഡുകള്‍ ഉയരുന്നതും അതു നശിപ്പിക്കപ്പെടുന്നതും പൊലിസിനും തലവേദനയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."