കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം
കോഴിക്കോട്: വലിയ പ്രതീക്ഷയ്ക്കുവക നല്‍കി ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റില്‍ വിജയിക്കാനായതോടെ സംസ്ഥാനത്തേക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നീക്കം തുടങ്ങി. കൂടുതല്‍ ആര്‍ജവത്തോടെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും ഇതുവഴി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശക്തിപ്പെടാനായി പ്രവര്‍ത്തിക്കണമെന്നുമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളില്‍ പാര്‍ട്ടി നേതാക്കളെ നിയമിച്ചു ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തുന്നതിനുള്ള നീക്കം നടത്താനും തീരുമാനമുണ്ട്.
ഇതിന്റെ തെളിവാണ് ഇപ്പോള്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം. നിലവിലെ ചെയര്‍മാന്‍ ടി.കെ.ജോസിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഈ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ കേരളഘടകത്തില്‍ നിന്നുള്ള ഒരാളെ നിയമിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി രണ്ടുപേരാണ് ഇപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണു വിവരം. ഇതില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ചുണ്ടിനും കപ്പിനുമിടയില്‍ വിജയം തട്ടിയകറ്റപ്പെട്ട കെ.സുരേന്ദ്രനും കുന്നമംഗലം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്.
എന്നാല്‍ ഈ സ്ഥാനത്തേക്ക് കടുത്ത സമ്മര്‍ദമാണ് ഉള്ളതെന്നും പറയപ്പെടുന്നു. ചുരുങ്ങിയ വോട്ടിന് പരാജയപ്പെട്ടുപോയ കെ. സുരേന്ദ്രനെ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്തു നിന്നും ശക്തമായ സമ്മര്‍ദമുണ്ട്.
എന്നാല്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന സി.കെ. പത്മനാഭനുവേണ്ടി മറ്റൊരു വിഭാഗവും ചരടുവലി നടത്തുന്നു. എന്നാല്‍ സുരേന്ദ്രന് തന്നെയായിരിക്കും നറുക്കുവീഴുകയെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇതിനിടയില്‍ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരാളെ മന്ത്രിയാക്കാനും ആലോചനയുണ്ട്. ഇപ്പോള്‍ മൂന്നുപേരാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. നിലവില്‍ രാജ്യസഭാംഗങ്ങളായ സുരേഷ് ഗോപിയും കര്‍ണാടകയില്‍ നിന്നുള്ള മലയാളിയായ രാജീവ് ചന്ദ്രശേഖറുമാണ് പരിഗണിക്കപ്പെടുന്ന രണ്ടുപേര്‍. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ ബി.ജെ.പി നേതൃത്വമോ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു വെളിപ്പെടുത്തല്‍ നല്‍കിയിട്ടില്ല.
ഒ. രാജഗോപാലിന്റെ വിജയത്തോടെ സംസ്ഥാന നിയമസഭയിലേക്ക് ഒരംഗത്തെ ലഭിച്ചതോടെ പാര്‍ട്ടിയുടെ ഇതുവരെയുള്ള പ്രവര്‍ത്തന ശൈലി മാറ്റി കൂടുതല്‍ സജീവമായി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ബി.ജെ.പിക്ക്. മാത്രമല്ല വോട്ടുകള്‍ വില്‍ക്കുന്നവരെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് രാജഗോപാലിന്റെ വിജയം ബി.ജെ.പിക്ക് പ്രതീക്ഷക്ക് വകനല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."