വിദ്യാര്‍ഥി കിണറ്റില്‍ ചാടിയ സംഭവം: അധ്യാപികക്കെതിരേ കേസെടുക്കും
കാസര്‍കോട്: അധ്യാപിക ശാസിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചുവെന്ന സംഭവത്തില്‍ പൊലിസ് അധ്യാപികക്കെതിരേ കേസെടുക്കും. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ പരാതിപ്രകാരമാണു കേസെടുക്കുക. അതേസമയം ആത്മഹത്യാ ശ്രമത്തിനു വിദ്യാര്‍ഥിയുടെ പേരിലും കേസെടുക്കമെന്നു പൊലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു പരവനടുക്കം ആലിയ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി വിദ്യാനഗറിലെ അബ്ദുല്ലയുടെ മകന്‍ സയ്യിദ് ഹുസൈന്‍ അല്‍ഹാജ്(14) കിണറ്റില്‍ ചാടിയത്.
പാഠ്യേതര പഠന പ്രവര്‍ത്തനത്തിനുള്ള പിരീഡില്‍ അധ്യാപിക നോട്ട് പുസ്തകം കൊണ്ടുവരാത്തതിനാല്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നു അല്‍ഹാജ് ബാഗ് എടുത്ത് ക്ലാസില്‍ നിന്നു പുറത്തു പോവുകയും കിണറ്റില്‍ ചാടുകയുമായിരുന്നുവെന്നു പറയുന്നു.
സംഭവത്തില്‍ പ്രകോപിതരായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."