അതിക്രമിച്ച് ടവറില്‍കയറിയയാള്‍ കൂളായി ഇറങ്ങിപ്പോയി!
വേങ്ങര: അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി പൊലിസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സാമൂഹ്യവിരുദ്ധനെ പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാതെ പൊലിസ് വെറുതേവിട്ടതില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം വേങ്ങര പൊലിസ് സ്റ്റേഷനു മുന്നിലെ ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരത്ത് സിഗ്നല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊല്ലം കല്ലുവാതിക്കല്‍ മുധുസൂദന പിള്ളയെയാണ് പൊലിസ് വെറുതേവിട്ടത്.
വേങ്ങര അങ്ങാടിയിലെ സ്ഥിരം ശല്യക്കാരനായ ഇയാള്‍ മദ്യപിച്ചു ലക്കുകെട്ട് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ബി.എസ്.എന്‍.എല്‍ ടവറില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. പരിസരവാസികള്‍ക്ക് ശല്യമായതിനെ തുടര്‍ന്നു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഉടമ ഇദ്ദേഹത്തെ ഇറക്കിവിട്ടിരുന്നു. ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ട് നടപടിയെടുക്കിന്നില്ലെന്ന കാരണത്താലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതേസമയം, വേങ്ങര ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്യക്കാരനാണ് ഇയാളെന്ന് ആക്ഷേപമുണ്ട്. മദ്യപിച്ച് വ്യാപാരികളെയും സ്ത്രീകളെയും ശല്യം ചെയ്യുക, അസഭ്യം പറയുക തുടങ്ങി നിരവധി പരാതികള്‍ പൊലിസ് സ്റ്റേനിലുണ്ട്. അതിക്രമിച്ചു കയറിയാല്‍ ശിക്ഷിക്കപ്പെടുമെന്നു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ അതീവ സുരക്ഷയുള്ള സിഗ്നല്‍ ടവറില്‍ 10 മണിക്കൂര്‍ വാസമുറപ്പിച്ചിട്ടും പൊലിസ് നടപടിയെടുക്കാതെ വിട്ടയച്ചത് വിവാദമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."