നേപ്പിയര്‍ മ്യൂസിയം അടയ്ക്കുന്നു
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തലയെടുപ്പായ നേപ്പിയര്‍ കൊട്ടാരം (മ്യൂസിയം) അടയ്ക്കുന്നു. നാശത്തിന്റെ വക്കിലെത്തിയ നേപ്പിയര്‍ മ്യൂസിയം പുതുക്കി പണിയുന്നതിനായാണ് അടയ്ക്കുന്നത്. ജൂണ്‍ മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിലവില്‍ കൊട്ടാരത്തിന്റെ പുതുക്കിപ്പണിയലിന് ആവശ്യമായ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാന്‍ ബംഗളൂരുവിലെ ഒരു കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് ഇനിഷ്യേറ്റീവ് എന്ന കമ്പനിയാണ് വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്.
അഞ്ചു കമ്പനികളാണ് ഡി.പി.ആര്‍ തയാറാക്കാന്‍ ടെണ്ടര്‍ നല്‍കിയിരുന്നത്. കാലപ്പഴക്കം കൊണ്ട് നേപ്പിയര്‍ കൊട്ടാരത്തിന്റെ തൂണുകളും, ചുവരുകളും, മേല്‍ക്കൂരയും നാശോന്‍മുഖമായി. ചരിത്ര പ്രാധാന്യവും, പഴയകാല സംരക്ഷിത കൊട്ടാരവുമായതിനാല്‍ വിദഗ്ധരുടെ സഹായത്തോടു കൂടി മാത്രമേ പുതുക്കി പണിയല്‍ നടക്കൂ. രണ്ടു വര്‍ഷമായി കൊട്ടാരത്തിന്റെ പുതുക്കി പണിയലിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, പ്രവൃത്തി പരിചയവും, പരിചയ സമ്പന്നതയുമുള്ള നിര്‍മ്മാതാക്കളെ ലഭിക്കാതെ വന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
നേപ്പിയര്‍ മ്യൂസിയത്തിന്റെ പുതുക്കി പണിയല്‍ നിര്‍വഹിക്കുന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ പുരാവസ്തു വകുപ്പിന്റെ വിദഗ്ധരടങ്ങുന്ന എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തെരഞ്ഞെടുത്തിരുന്നു. ഡെല്‍ഹി, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പുരാവസ്തു വിദഗ്ധരുമായി എക്‌സപെര്‍ട്ട് കമ്മിറ്റി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. കൂടാതെ വിദേശ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ നിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്ക്‌ഷോപ്പുകളും നടത്തിയിരുന്നു. പുരാതന കൊട്ടാരത്തിന്റെ തനിമ ചോര്‍ന്നു പോകാതെ നിര്‍മ്മാണം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ, വസ്തുക്കള്‍, വിദഗ്ധരെ കണ്ടെത്തല്‍ എന്നിവയ്‌ക്കെല്ലാമായിരുന്നു വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചത്.
ഇതിന്റെ ഫലമായാണ് ആദ്യഘട്ടമെന്ന നിലയില്‍ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള കമ്പനിയെ കണ്ടെത്തിയിരിക്കുന്നത്. നാലു മാസത്തിനുള്ളില്‍ നേപ്പിയര്‍ കൊട്ടാരത്തിന്റെ പുതുക്കി പണിയലിനാവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഈ ഡി.പി.ആര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ കമ്പനിയെ കണ്ടെത്താന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്നാണറിയുന്നത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനും തീരുമാനമായി.
അല്‍പ്പം ചരിത്രം
1857ല്‍ നേപ്പിയര്‍ മ്യൂസിയം ആരംഭിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം, മദിരാശിയിലെ ഗവണ്‍മെന്റ് മ്യൂസിയം, കറാച്ചിയിലെ വിക്ടോറിയാ മ്യൂസിയവും മാത്രമേ ഇന്ത്യയിലുണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം ഡയറക്ടറായിരുന്ന അല്ലന്‍ ബ്രൗണ്‍ എഫ്.ആര്‍.എസ് 1852ല്‍ തിരുവിതാംകൂറിലെ അന്നത്തെ റസിഡന്റായ ജനറല്‍ കല്ലന് ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചതു പ്രകാരമാണ് മ്യൂസിയം വരുന്നത്. ലോകത്തിന്റെ് നാനാ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ധാതു ലവണങ്ങളും, ലോഹങ്ങളും, ജനറല്‍ കല്ലന്റെ ഏതാനും പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ട് മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ രക്ഷാധികാരിയും, ജനറല്‍ കല്ലന്‍ അധ്യക്ഷനായും, അല്ലന്‍ ബ്രൗണ്‍ ഡയറക്ടറായുമുള്ള ഒരു കമ്മറ്റിയുടെ കീഴില്‍ 1857 സെപ്റ്റംബര്‍ മാസത്തില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ക്രമേണ പ്രദര്‍ശവസ്തുക്കള്‍ ധാരാളമായി ലഭിച്ചു തുടങ്ങി. എങ്കിലും സന്ദര്‍ശകര്‍ കുറവായിരുന്നു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി അല്ലന്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരു പൂന്തോട്ടവും മൃഗശാലയും മ്യൂസിയത്തോടനുബന്ധിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചു.
1859ല്‍ മൃഗശാല പ്രവര്‍ത്തനമാരംഭിച്ചു. 1865ല്‍ അല്ലന്‍ ബ്രൗണ്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം കേണല്‍ ഡ്യൂറി മേജര്‍ ഡേവിഡ്‌സണ്‍, മി. പെറ്റിഗ്രൂ, കേണല്‍ കെച്ചന്‍ എന്നിവര്‍ മ്യൂസിയം ഭരണത്തിന്റെ സാരഥ്യം വഹിച്ചു.
1874ല്‍ അന്നത്തെ മദിരാശി ഗവണ്മെണ്ടിന്റെ വാസ്തു ശില്‌പോപദേഷ്ടാവായിരുന്ന ചിഷോമിന്റെ ചുമതലയില്‍ ഈ കെട്ടിടത്തിന്റെ പണി 1880ല്‍ പൂര്‍ത്തിയാക്കുകയും 'നേപ്പിയര്‍ മ്യൂസിയം' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
പുരാവസ്തുക്കള്‍
സംരക്ഷിക്കാന്‍ പദ്ധതി
നേപ്പിയര്‍ മ്യൂസിയത്തില്‍ വേലുത്തമ്പി ദളവയുടെ വാള്‍ അടക്കം കോടികള്‍ വിലയുള്ള പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മ്യൂസിയത്തിലെ സ്റ്റോറിനുളില്‍ അതിലേറെ വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവയൊന്നും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നാല്‍, ഇവ കാലപ്പഴക്കം കൊണ്ട് നാശത്തിന്റെ വക്കിലായതിനാല്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. പുരാതന കാലത്ത് ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന നാണയങ്ങള്‍(സ്വര്‍ണം, വെള്ളി, വെങ്കലം, ഓട്), വിഗ്രഹങ്ങള്‍, പണിയായുധങ്ങള്‍, കിരീടം, വാളുകള്‍, പടച്ചട്ടകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ സ്റ്റോര്‍ റൂമിലുണ്ട്. ഇവയെല്ലാം സംരക്ഷിക്കുകയാണ് ലക്ഷ്യം. രണ്ടു മാസത്തിനുള്ള ഈ പ്രവൃത്തി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."