കമലിനെതിരേയുള്ള പ്രസ്താവന; കേസെടുക്കണമെന്ന്
പാലക്കാട്: സംവിധായകന്‍ കമലിനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരേ സര്‍ക്കാര്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ. ഇന്ത്യയിലെ ആളുകളുടെ കണക്കെടുത്ത് പാക്കിസ്ഥാനിലേക്ക് അയക്കാന്‍ ആരും എ.എന്‍. രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സഹകാരികളുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമലിന്റെ ആശയങ്ങളോട് വിയോജിപ്പാകാം എന്നാല്‍ കമലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് അഭിപ്രായവ്യത്യാസമില്ലെന്നും, തോമസ് ഐസക്കിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ. മുരളീധരന്‍ ചോദിച്ചു. കേരളത്തിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന ഒളി അജണ്ടയുമായാണ് കേന്ദ്രം സഹകരണപ്രസ്ഥാനങ്ങളില്‍ കയറി പിടിച്ചിരിക്കുന്നത്. കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് നിലയുറപ്പിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇവരുടെ ലക്ഷ്യം കോര്‍പ്പറേറ്റുകളെ സഹായിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
18ന് നടക്കുന്ന സഹകാരികളുടെ രാജ്ഭവന്‍ മാര്‍ച്ച് വന്‍വിജയമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷനായി. യു.ഡി.എഫ് ചെയര്‍മാന്‍ എ. രാമസ്വാമി, കളത്തില്‍ അബ്ദുള്ള, സി.വി. ബാലചന്ദ്രന്‍, വി.എസ്. വിജയരാഘവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."