ഉറക്കെ പറഞ്ഞും ചോദ്യങ്ങള്‍ തൊടുത്തും മണ്ഡലം നിറഞ്ഞ് രാഹുല്‍
കല്‍പ്പറ്റ: ദേശീയ രാഷ്ട്രീയത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ മുഖം, രണ്ട് സംസ്ഥാനങ്ങള്‍ പിന്നിട്ട് സ്വന്തം മണഡലത്തിലിറങ്ങിയത് പതിനായിരങ്ങള്‍ക്ക് നടുവില്‍. മൈസുരുവില്‍ നിന്നും ഹെലികോപ്റ്ററില്‍ സംസ്ഥാന അതിര്‍ത്തിയായ താളൂരിലാണ് ഇന്നലെ രാവിലെ 10.10ഓടെ പറന്നിറങ്ങിയത്. ഉടന്‍ എത്തി തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സക്വാഡ്. ഹെലികോപ്ടറിനുള്ളില്‍ പരിശോധന നടത്തി. ഇത് ദേശീയ തലത്തിലും ചര്‍ച്ചയും വിവാദവുമായി.
രാഹുലിന് കുലുക്കമില്ല. സമയം പാഴാക്കാതെ വോട്ടര്‍മാര്‍ക്കിടയിലേക്ക്. നീലഗിരി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ ഹെലിപ്പാഡിലിറങ്ങിയ അദ്ദേഹം തോട്ടം തൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും സംവദിച്ചു. ഒരു പകല്‍ നീണ്ട വോട്ടഭ്യര്‍ഥനയുമായി കളം നിറഞ്ഞ രാഹുല്‍ പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ വിവിധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. വയനാടിനൊപ്പം എന്നുമുണ്ടാകുമെന്ന ഉറപ്പ് നല്‍കി.
സുല്‍ത്താന്‍ ബത്തേരി
ഒരു കിലോമീറ്ററോളമായിരുന്നു റോഡ് ഷോ. നഗരം നിറഞ്ഞെത്തിയ ജനക്കൂട്ടമാണ് ആശീര്‍വദിക്കാനെത്തിയത്. വയനാടിന്റെ പ്രധാന പ്രശ്നങ്ങളാണ് രാത്രിയാത്ര നിരോധനവും, വന്യമൃഗശല്യവും റെയില്‍വേയുമെല്ലാം. ഇത് പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്, ഇതിനായി ജനങ്ങളോടൊപ്പം നിലകൊള്ളും. നമ്മള്‍ അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്ന ഉറപ്പും നല്‍കി.
മാനന്തവാടി
മാനന്തവാടിയിലെത്തിയ അദ്ദേഹം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രത്തിന് എതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പറഞ്ഞു. റോഡ് ഷോക്ക് പിന്നാലെ മാനന്തവാടി ബിഷപ് ഹൗസിലെത്തി കോഴിക്കോട് രൂപതാ അധ്യക്ഷന്‍ ഫാ. ഡോ.വര്‍ഗീസ് ചക്കാലക്കല്‍, മാനന്തവാടി രൂപതാ അധ്യക്ഷന്‍ ഫാ.ജോസ് പൊരുന്നേടം എന്നിവരുമായി സംവദിച്ചു.
പുല്‍പ്പള്ളി
ഇവിടെയും കാത്തുനിന്നത് ആയിരങ്ങള്‍. അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം മാത്രം മതിയായിരുന്നു കുടിയേറ്റ ജനതയുടെ മനം നിറയാന്‍. മോദി അതിസമ്പന്നരുടെ 16ലക്ഷം കോടി രൂപ കടം എഴുതിത്തള്ളിയിട്ടും കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയാറായില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
വെള്ളമുണ്ടയിലും ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി.
പടിഞ്ഞാറത്തറ
അവസാന സ്വീകരണ കേന്ദ്രമായ പടിഞ്ഞാറത്തറയിലെത്തിയ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ബി.ജെ.പിയുടേത് ഒരു നേതാവില്‍ മാത്രമായി ഒതുങ്ങുന്ന പ്രത്യയ ശാസ്ത്രമാണെന്ന് കുറ്റപ്പെടുത്തി. വയനാട്ടിലെ ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇടപെടലുകള്‍ തുടരുമെന്ന് ഉറപ്പ് നല്‍കിയാണ് 6.10ഓടെ ഹെലികോപ്ടറില്‍ കോഴിക്കോട്ടേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."