ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സാമ്പത്തിക ഇടപാട് ഓപ്പറേഷന്‍ കുബേര നോഡല്‍ ഓഫീസര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പൊലിസ് മേധാവിക്ക് ആറുമാസം മുമ്പ് നല്‍കിയ ഉത്തരവ് നടപ്പിലാക്കിയശേഷം രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലിസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സ്വീകരിച്ചില്ല. കവടിയാര്‍ ചെറുകര പീസ് വില്ലയില്‍ ബിനു വിശ്വംഭരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനും മറ്റ് ചിലരുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. എന്നാല്‍ സ്വന്തം സ്ഥാപനത്തില്‍ സാമ്പത്തിക തകര്‍ച്ച വന്ന സമയം ബ്ലേഡ്മാഫിയ പരാതിക്കാരനെയും ഭാര്യയെയും പിതാവിനെയും പൊലിസ് സഹായത്തോടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എല്‍.ഐ.സിയുടെ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പരാതിക്കാരനെതിരെ ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി എസ്. ശ്രീജിത്ത് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ബ്ലേഡ്മാഫിയയെ സഹായിച്ച മലയിന്‍കീഴ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് ഓപ്പറേഷന്‍ കുബേരയുടെ നോഡല്‍ ഓഫിസറായ എ.ഡി.ജി.പി ഹെഡ് ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. ശൂപാര്‍ശ സ്വീകരിച്ച കമ്മീഷന്‍ അത് നടപ്പിലാക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പരാതി ലഭിച്ചിട്ടും യഥാസമയം കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന മലയിന്‍കീഴ് സ്റ്റേഷനിലെ മുന്‍ എസ്.ഐ മാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി തീരുമാനിച്ചു.
എന്നാല്‍ പരാതി ഓപ്പറേഷന്‍ കുബേരയുടെ നോഡല്‍ ഓഫീസര്‍ അന്വേഷിക്കണമെന്ന കമ്മീഷന്‍ ഉത്തരവ് പൊലിസ് നടപ്പാക്കിയില്ല. ആരോപണവിധേയരായ പൊലിസുദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പിയുടെ സഹായത്തോടെ കമ്മീഷന്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിനുവിശ്വംഭരന്‍ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ഐ.ജി, മുപ്പതോളം പേരെ വിസ്തരിച്ചതിനുശേഷം നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ഡി.വൈ.എസ്.പി അന്വേഷിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."