സന്ധ്യകഴിഞ്ഞു പോകുന്നവര്‍ വെളിച്ചം കരുതണം; ഇത് എസ്.ബി.ടി ഡാ...!
വിഴിഞ്ഞം: വിഴിഞ്ഞത്തെ എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ സന്ധ്യ കഴിഞ്ഞാല്‍ പണമെടുക്കാന്‍ പോകുന്നവര്‍ ടോര്‍ച്ചോ മെഴുകുതിരിയോ കൈയില്‍ കരുതണം. സുരക്ഷക്കായി അംഗരക്ഷകരെ ഒപ്പം കൂട്ടുന്നത് നല്ലത്. വെളിച്ചമില്ലാതെ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മില്‍ അകത്ത് കയറിയാല്‍ മെഷിനിലെ കീപാഡ് കാണാനാണ് ടോര്‍ച്ചോ മെഴുകുതിരിയോ കരുതേണ്ടത്. ഇരുട്ട് വീണു കിടക്കുന്ന ഇവിടെ സുരക്ഷാ ജീവനക്കാരുമില്ല. എ.ടി.എമ്മില്‍ കയറിയാല്‍ വിയര്‍ത്തു കുളിക്കുമെന്നത് ഉറപ്പ്. കാരണം ഇവിടത്തെ എ.സി പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. അടിസ്ഥാന സൌകര്യമായി വെളിച്ചവും സുരക്ഷ ജീവനക്കാരും വേണമെന്നുള്ളത് ഇവിടെ ബാധകമല്ലത്തത് പോലെയാണ് കാര്യങ്ങലുടെ കിടപ്പ്.
വിഴിഞ്ഞം ജങ്ഷനില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ.ടി.എം കൗണ്ടറിന്റെ അവസ്ഥയാണ് ഇത്. വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ദിനംപ്രതി രാപ്പകല്‍ ഭേദമന്യേ കയറിയിറങ്ങുന്നുണ്ട്. പക്ഷെ രാത്രിയായാല്‍ ഇരുട്ടിലമരുന്ന എ.ടി.എമ്മില്‍ പുറത്തു നിന്ന് നോക്കിയാല്‍ മെഷിനില്‍ സിഗ്‌നല്‍ ഉള്ളതിനാല്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതായി മനസിലാക്കാം. ഉള്ളില്‍ പ്രവേശിച്ചാല്‍ കുരാകൂരിരുട്ട്. മെഷിനില്‍ തെളിയാന്‍ അക്കങ്ങളും മറ്റും അമര്‍ത്തണമെങ്കില്‍ ടോര്‍ച്ച് പ്രകാശിപ്പിക്കണം.
അക്കങ്ങള്‍ കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് പണമെടുക്കാന്‍ സാധിക്കാതെ മടങ്ങുന്നവര്‍ നിരവധി. ഇതൊക്കെ അറിഞ്ഞതോ കണ്ടതോ ഇല്ലായെന്ന മട്ടിലാണ് ബന്ധപ്പെട്ട അധികൃതര്‍. കാഷ്‌ലെസ് മണിയുടെ പേര് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നവര്‍ തന്നെ ഇതിനുള്ള അവസരം ഇല്ലാതാക്കി ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."