അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്: വനിതാ കിരീടം കൈവിടാതെ എം.ജി
കോയമ്പത്തൂര്‍: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ വനിത കിരീടം നിലനിര്‍ത്തി എം.ജി സര്‍വകലാശാല. ആദ്യമായി ഓവറോള്‍ കിരീടം പിടിച്ചെടുത്ത് മാംഗ്ലൂര്‍ സര്‍വകലാശാല ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. എം.ജി സര്‍വകലാശാല മീറ്റിലെ റണ്ണേഴ്‌സ് അപ്പായി. വനിതാ വിഭാഗത്തില്‍ എം.ജി സര്‍വകലാശാല തുടര്‍ച്ചയായ നാലാം തവണയാണ് കിരീടം നിലനിര്‍ത്തുന്നത്. അഞ്ചു ദിനങ്ങളിലായി നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 178 പോയിന്റുമായാണ് മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റി ആദ്യമായി ഓവറോള്‍ കിരീടം പിടിച്ചെടുത്തത്. 114 പോയിന്റുമായാണ് എം.ജി രണ്ടാമതെത്തിയത്. നിലവിലെ കിരീട ജേതാക്കളായ പാട്യാല യൂനിവേഴ്‌സിറ്റി 112 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 88 പോയിന്റുമായാണ് എം.ജി വനിത വിഭാഗം ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയത്.
പാട്യാല 62 പോയിന്റു നേടി രണ്ടാമതെത്തി. 53 പോയിന്റ് നേടിയ മാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തില്‍ മാംഗ്ലൂരിനാണ് ഒന്നാം സ്ഥാനം. 125 പോയിന്റുമായാണ് മാംഗ്ലൂര്‍ ചാംപ്യന്‍മാരായത്. 50 പോയിന്റു നേടിയ പാട്യാലയാണ് രണ്ടാമത്. 49 പോയിന്റുമായി മദ്രാസ് യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തെത്തി. മീറ്റില്‍ എം.ജിയും കാലിക്കറ്റും നാലു വീതം സ്വര്‍ണം നേടിയപ്പോള്‍ കേരളയ്ക്ക് നേടാനായത് ഒരു പൊന്നാണ്. മാംഗ്ലൂരിന്റെ അയ്യാസാമി ധരുണ്‍ മീറ്റിലെ മികച്ച പുരുഷ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. പൂനെ സര്‍വകലാശാലയുടെ സഞ്ജീവനി ജാദവാണ് മികച്ച വനിതാ താരം
.
4-400 റിലേയില്‍ എം.ജിയും മദ്രാസും
4-400 മീറ്റര്‍ റിലേ ട്രാക്കില്‍ എം.ജിയും മദ്രാസും സുവര്‍ണ ബാറ്റണേന്തി. വനിതകളുടെ പോരാട്ടത്തില്‍ അഞ്ജലി ജോസ്, ശ്രുതി മോള്‍, വിസ്മയ, ജെറിന്‍ ജോസഫ് എന്നിവരാണ് എം.ജിക്കായി ബാറ്റണേന്തിയത്. 3:34.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ടീം സ്വര്‍ണം നേടിയത്. പാട്യാല വെള്ളി നേടിയപ്പോള്‍ വെങ്കലം കാലിക്കറ്റിന് ലഭിച്ചു. പുരുഷ റിലേയില്‍ പുതിയ റെക്കോര്‍ഡുമായാണ് മദ്രാസ് യൂനിവേഴ്‌സിറ്റി സ്വര്‍ണ കുതിപ്പ് നടത്തിയത്. 3:10.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവര്‍ 2008ല്‍ കാലിക്കറ്റ് സ്ഥാപിച്ച 3:13.40 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വെള്ളിയും വെങ്കലവും നേടിയ പട്യാല, കേരള യൂനിവേഴ്‌സിറ്റി ടീമുകളും നിലവിലെ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി.
ഹര്‍ഡില്‍സില്‍ അനുവും ധരുണും
കളം മാറി ചവിട്ടിയിട്ടും ഒറ്റ ലാപ്പിന്റെ ഹര്‍ഡില്‍സില്‍ അനു രാഘവന്‍ തന്നെ ജേത്രി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിക്കായാണ് മലയാളി താരം അനു രാഘവന്‍ ഇത്തവണ സ്വര്‍ണം നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് അനു പൊന്നണിയുന്നത്. 1:00.32 സെക്കന്‍ഡിലായിരുന്നു അനുവിന്റെ സുവര്‍ണ കുതിപ്പ്. 2013, 14 വര്‍ഷങ്ങളില്‍ കാലിക്കറ്റിന് വേണ്ടിയും 2015 ല്‍ എം.ജിക്ക് വേണ്ടിയും ട്രാക്കിലിറങ്ങി സ്വര്‍ണം നേടിയ അനു ഇത്തവണ മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ചുവടുമാറ്റി.
പുരുഷ വിഭാഗത്തിലും മാംഗ്ലൂരിന്റെ തന്നെ അയ്യാസാമി ധരുണ്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 50.81 സെക്കന്‍ഡിലാണ് ധരുണ്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തന്നെ 51.34 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ധരുണ്‍ മറികടന്നത്.
51.26 സെക്കന്റില്‍ വെള്ളി നേടിയ ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയുടെ ടി സന്തോഷ് കുമാര്‍ നിലവിലെ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി.
വെള്ളിയിലൊതുങ്ങി ചിത്ര
സാഫ് ഗെയിംസിലെ സ്വര്‍ണ ജേത്രി പി.യു ചിത്രക്ക് വനിതകളുടെ 1500 മീറ്ററില്‍ തിരിച്ചടി. 4:34.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചിത്രക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാട്യാലയുടെ ഹര്‍മിലന്‍ ബെയ്ന്‍സിനാണ് ചിത്രയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത്.
റെക്കോര്‍ഡിന് മേലെ ചാടി ശ്രീജിത്ത്‌മോന്‍
ട്രിപ്പിള്‍ ജംപില്‍ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മലയാളി താരം ശ്രീജിത്ത്‌മോന്‍. മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയുടെ മലയാളി താരം ശ്രീജിത്ത്‌മോന്‍ 16.05 മീറ്റര്‍ ചാടിയാണ് രഞ്ജിത് മഹേശ്വരിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയത്. 2004 ല്‍ കേരള യൂനിവേഴ്‌സിറ്റിയുടെ താരമായ രഞ്ജിത്ത് മഹേശ്വരി സ്ഥാപിച്ച 16.03 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീജിത്തിനു മുന്നില്‍ പഴങ്കഥയായത്. മാംഗ്ലൂരിന്റെ തന്നെ കാര്‍ത്തിക് ബസഗൊണ്ടപ്പ 15.74 മീറ്റര്‍ ചാടി വെള്ളി നേടി. 15.66 മീറ്റര്‍ ചാടിയ രോത്തക് എം.ഡി യൂനിവേഴ്‌സിറ്റിയുടെ വിക്രാന്തിനാണ് വെങ്കലം.
സ്പ്രിന്റ് ഡബിളുമായി അര്‍ച്ചവനിതകളുടെ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ എസ് അര്‍ച്ചന സ്പ്രിന്റ് ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം അതിവേഗത്തിന്റെ ട്രാക്കില്‍ 12.04 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ അര്‍ച്ചന ഇന്നലെ 200 മീറ്ററിലും ജേത്രിയായി. 24.33 സെക്കന്‍ഡില്‍ പറന്നെത്തിയാണു അര്‍ച്ചന സുവര്‍ണ നേട്ടം ആവര്‍ത്തിച്ചത്. പുരുഷ വിഭാഗം 200 മീറ്ററില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ മോഹന്‍കുമാര്‍ നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി. 21.30 സെക്കന്‍ഡിലായിരുന്നു മോഹന്‍കുമാറിന്റെ സുവര്‍ണ കുതിപ്പ്. കഴിഞ്ഞ ദിവസം 400 മീറ്ററിലും സ്വര്‍ണം നേടിയ മോഹനും ഇരട്ട സ്വര്‍ണത്തിന് ഉടമയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."