വൈവിധ്യങ്ങളുമായി കലോത്സവഘോഷയാത്ര
കണ്ണൂര്‍: നദീതടങ്ങളില്‍ കലയുടെ മാമാങ്കത്തിനു കൊടിയേറി. ഊട്ടുപുരയില്‍ ആദ്യം അമ്പലപ്പുഴ പാല്‍പായസത്തിന്റെ അതിമധുരം. പിന്നാലെ കലോത്സവ മേളാങ്കത്തിനു കൊടിയേറ്റം. തുടര്‍ന്നു വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. പിന്നെ കലാപൂരത്തിന്റെ വരവറിയിച്ച് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു വര്‍ണവൈവിധ്യ താളമേളങ്ങളുടെ ഘോഷയാത്ര. നാടന്‍കലകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്കു പൊലിമ പകര്‍ന്നു. കണ്ണൂരിന്റെ ഓരോ മണല്‍തരികളെയും പുളകമണിയിച്ച ഘോഷയാത്ര പ്രധാന വേദിയായ നിളാതടത്തില്‍ എത്തിയതോടെ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇനി കണ്ണൂരിന്റെ മനസ് ഒരാഴ്ച കൗമാരപ്രതിഭകളുടെ നൃത്ത ലാസ്യ സംഗീത ഇശലുകളാല്‍ മുഖരിതമാകും. നഗരത്തിലെ 20 വേദികളിലാണ് ഇന്നുമുതല്‍ മേള അരങ്ങേറുക.
ഘോഷയാത്രയുടെ ചിത്രങ്ങള്‍ കാണാം. ഇന്‍ സ്നാപ്പിലൂടെ...
ഘോഷയാത്ര ഐ.ജി ദിനേന്ദ്ര കശ്യപ് ഫഌഗ് ഓഫ് ചെയ്തു. കലോത്സവത്തിനു തുടക്കംകുറിച്ച് ഇന്നുരാവിലെ പൊലിസ് മൈതാനിയില്‍ പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി. ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ശൈലജ, ഇ.ചന്ദ്രശേഖരന്‍, പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത തുടങ്ങിയയവര്‍ പങ്കെടുത്തു.
232 ഇനങ്ങളിലായി 12000 മത്സരാര്‍ഥികള്‍ മേളയില്‍ പങ്കാളികളാകും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണു വേദികളും ഭക്ഷണശാലയും സജ്ജമാക്കിയത്. 22നു വൈകുന്നേരം നാലിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."