സ്ഥാനക്കയറ്റം: അന്വേഷണച്ചുമതലയില്‍ നിന്ന് സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡി
തിരുവനന്തപുരം: തനിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് വിജിലന്‍സ് എസ്.പി ആര്‍ സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന് അയച്ച കത്തിലാണ് ശങ്കര്‍ റെഡ്ഡി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആളാണ് സുകേശനെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനാണ് സുകേശന്‍. മുന്‍ ധനമന്ത്രി കെ.എം മാണിയെ കുടുക്കാന്‍ ബാറുടമ ബിജു രമേശ് അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്‍ തനിക്കെതിരേ അന്വേഷണം നടത്തുന്നത് എങ്ങനെയാണെന്നും ശങ്കര്‍ റെഡ്ഡി ചോദിച്ചു.
വിജിലന്‍സ് ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയയും കൊല്ലത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ജ്യോതികുമാറും തനിക്കെതിരേ തെറ്റായ റിപ്പോര്‍ട്ടുകളാണ് കോടതികളില്‍ നല്‍കിയത്. ഇരുവര്‍ക്കും ബാര്‍ കേസ് അന്വേഷണവുമായി ഒരു ബന്ധവുമില്ല. സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇത്തരത്തില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ബാര്‍ കോഴ അട്ടിമറിക്കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികളില്‍ റെഡ്ഡിയും സുകേശനും പരസ്പരം പഴിചാരിയിരുന്നു. തുടരന്വേഷണത്തില്‍ ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ട കാര്യങ്ങളില്‍ മാത്രമായി അന്വേഷണം പരിമിതപ്പെടുത്തിയെന്നും സുകേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുകേശന്റെ ആരോപണങ്ങളെല്ലാം ശങ്കര്‍ റെഡ്ഡി നിഷേധിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."