ചോക്കാട് മലവാരത്തില്‍ തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ നടത്തി മൂന്ന് മാവോയിസ്റ്റുകളെ കണ്ടതായി പ്രദേശവാസികള്‍
കാളികാവ്: ചോക്കാട് നാല്‍പത് സെന്റ് കോളനിയില്‍ മൂന്ന് മാവോയിസ്റ്റുകളെ കണ്ടെന്ന് പ്രദേശവാസികള്‍. ഇതേത്തുടര്‍ന്ന് ചോക്കാട് മലവാരത്ത് തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തി. ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കണ്ടെന്നാണ് നാട്ടുകാര്‍ പൊലിസിനെ അറിയിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലിസ് തിരച്ചില്‍ നടത്താന്‍ തയാറായത്.
ഒരു പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും മാവോയിസ്റ്റുകള്‍ ഉണ്ടെന്ന സൂചനകളൊന്നും ലഭിച്ചില്ല. പൊലിസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ വരയന്‍ മലയില്‍ നിന്ന് ചോക്കാട് മലവാരത്തേക്ക് പ്രവേശിക്കാന്‍ എളുപ്പ മാര്‍ഗമുണ്ട്. പൊലിസ് നടപടി നിരീക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇടക്കിടെ പല ഭാഗങ്ങളിലും മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് നിഗമനം. പാട്ടക്കരിമ്പ്, മണ്ണള തുടങ്ങിയ സ്ഥലങ്ങളിലും വെടിവയ്പ്പിന് ശേഷം മാവോയിസ്റ്റുകളെ കണ്ടതായി വിവരമുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനി കൂടിയായ ചോക്കാട് നാല്‍പത് സെന്റില്‍ മാവോയിസ്റ്റുകള്‍ എത്താനുള്ള സാധ്യതയുണ്ട്. ആശയ പ്രചരണമായാല്‍ പോലും വിട്ടുവീഴ്ചയില്ലാതെ നേരിടാനാണ് പോലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."