തര്‍ക്കം ബാക്കി; ജി.എസ്.ടി ഏപ്രില്‍ ഒന്നിന് നിലവില്‍വരില്ല ജൂണില്‍ നിലവില്‍വരുമെന്ന് അരുണ്‍ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു പൂര്‍ണമായി സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍വരില്ല. ജി.എസ്.ടി ഉന്നതാധികാരസമിതിയുടെ ഇന്നലെ നടന്ന ഒന്‍പതാമത് യോഗത്തില്‍ പ്രധാന തര്‍ക്ക വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഏറെക്കുറെ ധാരണയിലെത്തി. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള വാണിജ്യനികുതി പിരിക്കുന്നതുസംബന്ധിച്ച തര്‍ക്കമാണ് ധാരണയിലെത്തിയ പ്രധാന വിഷയം. ഈ നികുതി പിരിക്കാന്‍ തങ്ങള്‍ക്ക് അധികാരം വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എല്ലാകാര്യങ്ങളിലും ധാരണയെത്തിയ ശേഷമേ ഇക്കാര്യം അറിയിക്കൂവെന്നും കേരള ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ഒന്നരകോടി രൂപ വാര്‍ഷികവരുമാനമുള്ളവരില്‍ നിന്ന് നികുതി പിരിക്കുന്നതു സംബന്ധിച്ചും ഏകദേശ ധാരണയായി. ഒന്നരകോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരില്‍ നിന്നും നികുതിയുടെ 90 ശതമാനം സംസ്ഥാനങ്ങളും 10 ശതമാനം കേന്ദ്രവും പങ്കിടും. ഇക്കാര്യത്തിലെ ഏതുസാമ്പത്തികകാര്യ തീരുമാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയിലെ നികുതി പിരിക്കാനുള്ള പൂര്‍ണമായ അധികാരം സംസ്ഥാനങ്ങള്‍ക്കു വേണമെന്ന് കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജൂണ്‍ ഒന്നിനു ജി.എസ്.ടി നിലവില്‍വരുമെന്ന് യോഗശേഷം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോടു പറഞ്ഞു. ഉന്നതാധികാരസമിതിയുടെ അടുത്തയോഗം ഫെബ്രുവരി 18നു നടക്കും. എല്ലാ നികുതികളും പങ്കിടുന്നത് അതിന്റെ മൂല്യനിര്‍ണയവും അതുപിരിക്കുന്ന സംവിധാനവും പരിഗണിച്ചായിരിക്കുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചു. സംസ്ഥാന- അന്തര്‍ സംസ്ഥാന ജി.എസ്.ടി പിരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ഇനിയും തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ അടുത്തമാസം നടക്കുന്ന ഉന്നതാധികാരയോഗത്തില്‍ ധാരണയിലെത്താന്‍ കേന്ദ്രം ശ്രമിക്കും. ശേഷം ജി.എസ്.ടി സംബന്ധിച്ച കരട് നിയമത്തിനു സമിതിയുടെ അംഗീകാരം നേടിയെടുക്കും. കരടിന് അംഗീകാരം ലഭിക്കണമെങ്കില്‍ യോഗത്തിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അംഗീകാരം ലഭിക്കുന്നതോടെ കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."