വി.സി നിയമനം: എം പ്രകാശന് സെനറ്റ് പ്രതിനിധി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനായി സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന്റെ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് അംഗം എം പ്രകാശനെ നിര്‍ദേശിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ വി.സി ഡോ. എം.കെ അബ്ദുല്‍ഖാദറിന്റെ കാലാവധി ഏപ്രില്‍ തീരുന്ന സാഹചര്യത്തിലാണു തീരുമാനം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു സിന്‍ഡിക്കേറ്റ് ഉപകമ്മിറ്റി കണ്ടെത്തിയ സെക്ഷന്‍ ഓഫിസര്‍ കെ പ്രഭാത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാലാ ഡവലപ്മെന്റ് ഓഫിസറായി നിര്‍മലഗിരി കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയിംസ് പോളിനെ നിയമിക്കും. പയ്യന്നൂര്‍ കോളജ് അസി. പ്രൊഫസര്‍ എം.വി പദ്മനാഭനെ എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുടെ ചുമതലയോടെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്വിസസായി നിയമിക്കും. ഡെപ്യൂട്ടി ലൈബ്രേറിയന്‍ തസ്തിക പി.എസ്.സിക്കു വിടും.
ത്രിവത്സര എല്‍.എല്‍.ബി കോഴ്സ് തുടങ്ങാന്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ നിയമപഠന കേന്ദ്രം തുടങ്ങും. കാഞ്ഞങ്ങാട് സയന്‍സ് പാര്‍ക്കില്‍ നഗരസഭ സൗകര്യം ഒരുക്കിയ സാഹചര്യത്തിലാണു തീരുമാനം. ബിരുദാനന്തര പരീക്ഷകളില്‍ അടുത്ത സെമസ്റ്റര്‍ പരീക്ഷ മുതല്‍ ഡബിള്‍ വാല്വേഷനു പകരം സിംഗിള്‍ വാല്വേഷനും റീവാല്വേഷനും നടത്തും. 2014നു മുമ്പ് ബിരുദ കോഴ്സുകള്‍ക്കു പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പഴയ സ്കീമില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കും. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ വിവിധ കോഴ്സുകള്‍ക്ക് അഫിലിയേഷന് പുതുക്കി നല്‍കും. ചെറുപുഴ നവജ്യോതി കോളജില്‍ ബി.എ ഇക്കണോമിക്സ്, എം.കോം, എം.എ ഇംഗ്ലിഷ് എന്നീ കോഴ്സുകള്‍ അടുത്തവര്‍ഷം ആരംഭിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."