തൊടുപുഴയാര്‍ തോടായി; ശുദ്ധജല ക്ഷാമം രൂക്ഷം
തൊടുപുഴ: വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകിയിരുന്ന തൊടുപുഴയാര്‍ അന്യമാകുന്നു. ഇപ്പോള്‍ പലദിവസങ്ങളിലും കൈത്തോടിന് സമാനമായാണ് പുഴ ഒഴുകുന്നത്. ഇത് തൊടുപുഴ മേഖലയെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിലേക്ക് തള്ളിവിടുന്നതിനൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങി.ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്പാദനം കുറച്ചതാണ് മലങ്കര ഡാമിലെ ജലനിരപ്പ് താഴാന്‍ കാരണം. ഇതോടെ തൊടുപുഴയാറ്റിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞു. ഇത് തൊടുപുഴ മേഖലിലെ ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്നലെ വൈകിട്ടോടെ തൊടുപുഴയാര്‍ വറ്റിയ നിലയിലായിരുന്നു.
പുഴയില്‍ പലഭാഗത്തും മണല്‍ തെളിഞ്ഞു. വെള്ളം പുഴയുടെ രണ്ടുവശത്തുകൂടി കൈത്തോടായി ഒഴുകുന്ന സ്ഥിതിയാണ്. ഇതോടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല പദ്ധതികള്‍ക്കു വെള്ളം പമ്പുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പ്രധാനമായും കരിങ്കുന്നം, മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളിലേക്കുള്ള പമ്പിങ്ങാണു പ്രതിസന്ധിയിലായിരിക്കുന്നത്. നീരൊഴുക്കു കുറഞ്ഞതോടെ പുഴയിലുള്ള പമ്പിങ് കിണറ്റിലേക്ക് ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നതാണു പ്രതിസന്ധിക്കു പ്രധാന കാരണം. കരിങ്കുന്നം പഞ്ചായത്തിലേക്കുള്ള മ്രാല പമ്പ് ഹൗസിലും മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളിലേക്കുള്ള കുന്നത്തുപാറ പമ്പ് ഹൗസിലുമാണു പമ്പിങ് മുടങ്ങിയിരിക്കുന്നത്.
ഇതോടെ ഈ പഞ്ചായത്തുകളില്‍ പൈപ്പുവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടിലായി. വേനല്‍ കടുത്തതോടെ സ്വാഭാവിക ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങി. നഗരത്തിലെ കിണറുകളിലും ജലനിരപ്പു താണു. ഇതോടെ പലഭാഗത്തും ജനം ശുദ്ധജലത്തിനായി നെട്ടോട്ടത്തിലാണ്. ഇടുക്കി ജലാശയത്തിലെ വെള്ളത്തെമാത്രം ആശ്രയിച്ചാണു തൊടുപുഴയിലെ ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."