എന്‍ഡോസള്‍ഫാന്‍: മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കും: മന്ത്രി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമായി പുന:സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നുഅദ്ദേഹം.
ദുരിതബാധിതരെ കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ അപേക്ഷ സ്വീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയ പട്ടികയിലുള്‍പെട്ടവര്‍ക്കാണ് മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
2013ലെ മെഡിക്കല്‍ ക്യാംപിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത പാലിക്കും. ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനു എറണാകുളം എച്ച്.ഐ.എല്ലുമായും ചര്‍ച്ച നടത്താന്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിനെ യോഗം ചുമതലപ്പെടുത്തി. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിനു പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള തുക വകമാറ്റുന്നതിനു സര്‍ക്കാര്‍ അനുമതി തേടുന്നതിനും തീരുമാനമായി.
പുനരധിവാസസെല്ലില്‍ ജില്ലയിലെ മുഴുവന്‍ മുന്‍ എം.എല്‍.എ മാരേയും ഉള്‍പ്പെടുത്തും. സന്നദ്ധസംഘടനകളുടെ പ്രതിനിധികളേയും അംഗങ്ങളാക്കുന്നതിനുള്ള പട്ടിക ജില്ലാഭരണകൂടം സര്‍ക്കാറിനു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."