തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമെ പാടുള്ളൂവെന്ന് സുപ്രിം കോടതി. തെരുവുനായ്ക്കളെ മൊത്തമായി കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുടെ അഭിപ്രായപ്രകടനം. തെരുവുനായ വിഷയത്തിലെ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.
കേരളത്തില്‍ നിന്നുള്ളതടക്കം ഒരുകൂട്ടം ഹരജികളാണ് ബെഞ്ച് മുമ്പാകെയുള്ളത്. നായ്ക്കളുടെ ആക്രമണത്തിനിരയായവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 400 പരാതികള്‍ ലഭിച്ചതായി ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനു വേണ്ടി ഹാജരായ അഡ്വ.ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു.
24 പരാതികളില്‍ തീര്‍പ്പാക്കിയതായും ബാക്കിയുള്ളവയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കണമെന്ന് അഡ്വ.വി.കെ. ബിജു ആവശ്യപ്പെട്ടു.കോട്ടയത്ത് തെരുവുനായയുടെ കടിയേറ്റുമരിച്ച വീട്ടമ്മ ഡോളി ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഷയം പരിശോധിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ട കോടതി, ഇക്കാര്യത്തില്‍ മാര്‍ച്ച് ഒന്നിനു വാദം കേള്‍ക്കാമെന്ന് അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന് ഹരജിക്കാരില്‍ ഒരാള്‍ വാദിച്ചതിനെ രണ്ടംഗബെഞ്ചും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും എതിര്‍ത്തു.
കേരളത്തിലെ തെരുവുനായ പ്രശ്‌നം ആശങ്കയുളവാക്കുന്നുണ്ടെങ്കിലും മുഴുവന്‍ നായ്ക്കളെയും കൊന്നൊടുക്കാനാവില്ല. മറ്റു വഴിയൊന്നുമില്ലെങ്കില്‍ അവയുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കൊല്ലുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഫാമുകള്‍ ഉണ്ടാക്കാന്‍ തയാറാണെന്ന് ഹരജിക്കാരില്‍ ഒരാളായ സാബു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വ്യക്തമായ പദ്ധതി നിര്‍ദേശവും മാര്‍ഗരേഖയും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."