ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി
കോഴിക്കോട് : സ്വാശ്രയ കോളജുകള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ കച്ചവടത്തിന് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ കൂട്ടുനിന്നിരുന്നില്ല. ഇപ്പോള്‍ അവരും ഈ കച്ചവടത്തിന്റെ ഭാഗമായെന്നും അപൂര്‍വം ചിലര്‍ മാത്രമാണ് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊളളലാഭമുണ്ടാക്കാനുളള കേന്ദ്രങ്ങളാണെന്ന ചിന്താഗതി മാറേണ്ടതുണ്ട്.
മികവുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത് സമൂഹത്തിന് സംഭാവന ചെയ്യുന്ന സാമൂഹിക സേവനമാണ് ഒരു കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വഹിച്ചുപോന്നത്. വിദ്യാഭ്യാസ പുരോഗതിയില്‍ രാജ്യത്തു തന്നെ മാതൃകാപരമായ പങ്കാളിത്തമാണ് കേരളം വഹിച്ചത്.
ഇതില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനം വലുതാണ്. എന്നാല്‍, സമീപകാലത്ത് സ്വാശ്രയ സ്ഥാപനങ്ങള്‍ നല്ലതുപോലെ ലാഭമുണ്ടാക്കാന്‍ ഉപകരിക്കുന്ന ഒന്നാണെന്ന ധാരണ ഉയര്‍ന്നുവന്നു. ലാഭക്കൊതിയോടെ വിവിധ കച്ചവട രംഗത്തുളളവര്‍ ഈ മേഖലയിലേക്ക് പ്രവേശിച്ചു. ആദ്യം കച്ചവടത്തില്‍ നിന്ന് മാറിനിന്ന ക്രൈസ്തവ മാനേജ്‌മെന്റുകളും ഇപ്പോള്‍ കൊള്ളയുടെ ഭാഗമായി. അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.
ഇവര്‍ ലേലം വിളിച്ച് നിയമനം നടത്തുകയാണ്. സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."