ജനം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു, പൂവാറില്‍ ഇന്ന് ഹര്‍ത്താല്‍
വിഴിഞ്ഞം: കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തിയ ജനകീയസമിതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് പൂവാറിലെ സ്വകാര്യ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ ഇന്നലെകൂടിയ പൂവാര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. വിവരമറിഞ്ഞ് ഭരണ സമിതിയംഗങ്ങളെ തടഞ്ഞുവെച്ച് പഞ്ചായത്തോഫിസ് ഉപരോധിച്ച ജനകീയസമിതി പൂവാര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേര്‍ത്തത്. ഭരണ സമിതിയായ സി.പി.എമ്മിന്റെ ആറ് അംഗങ്ങളും ബി.ജെ.പി യുടെ രണ്ടുപേരും ജനതാദളിന്റെ ഒരംഗവും ബിയര്‍ പാര്‍ലറിന് എന്‍.ഒ.സി. നല്‍കുന്നതിനെ അനുവദിച്ചു.
ജനവികാരത്തിനെ മാനിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും എന്‍.ഒ.സി നല്‍കാനുള്ള തീരുമാനത്തില്‍ വിയോജിപ്പപ്രകടിപ്പിച്ചുകൊണ്ടും കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും ഭരണ സമിതിയുടെ വൈസ് പ്രസിഡന്റുകൂടിയായ സി.പി.ഐ അംഗവും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നതോടെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പഞ്ചായത്തോഫിസ് ഉപരോധിച്ചു. വൈകിട്ട് അഞ്ചുമണിവരെ ഉപരോധം തുടര്‍ന്നു. പിന്നീട് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ടാണ് ഉപരോധം അവസാനിപ്പിച്ചത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പൂവാറില്‍ വലിയ തോതിലുള്ള ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."