നിര്‍ത്തിവച്ച റീസര്‍വേ ഈ മാസം പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു മുടങ്ങിക്കിടന്ന റീസര്‍വേ നടപടികള്‍ ഈ മാസം പുനരാരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തമായ പ്രവര്‍ത്തന രൂപരേഖയോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലുമായിരിക്കും റീസര്‍വേ നടപടികള്‍ പുനരാരംഭിക്കുക.
ആദ്യഘട്ട റീസര്‍വേ നടപടികള്‍ക്ക് ഇടുക്കി, കാസര്‍കോട് ജില്ലകളിലായിരിക്കും തുടക്കമിടുക. നടപടികള്‍ പുനരാരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം റിപബ്ലിക് ദിനത്തില്‍ കാസര്‍കോട് ജില്ലയില്‍ നടക്കും. റീസര്‍വേ ഏറ്റവും കുറച്ചു നടന്ന ജില്ല എന്ന നിലയിലാണ് കാസര്‍ക്കോടിനെ ഇതിനായി തെരഞ്ഞെടുത്തത്. ജില്ലയില്‍ എട്ടു ശതമാനം റീസര്‍വേ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇടുക്കി ജില്ലയില്‍ വരുന്ന ഓഗസ്റ്റ് മാസത്തിനകം റീസര്‍വേ പൂര്‍ത്തിയാക്കി ഭൂമി സംബന്ധമായ പരാതികള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് ഈ ജില്ലകളെ ആദ്യഘട്ടത്തിലേക്കു തെരഞ്ഞെടുത്തത്. സര്‍വേ നടപടികള്‍ക്കായി ഈ ജില്ലകളില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കും. ഇവരെ സഹായിക്കാന്‍ ആവശ്യമായ താല്‍കാലിക ജീവനക്കാരെയും നിയോഗിക്കും.
ആറു മാസത്തിനകം ആദ്യഘട്ട റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടു ജില്ലകളെ വീതം ഉള്‍പെടുത്തി ഏഴു ഘട്ടങ്ങളിലായി മൂന്നര വര്‍ഷം കൊണ്ടായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അത്യാധുനിക സാങ്കേതിക വിദ്യയായ ഇലക്ട്രോണിക്‌സ് ടോട്ടല്‍ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തും. പിന്നീട് ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുകയും ചെയ്യും.
സംസ്ഥാനത്തു റീസര്‍വേ തുടങ്ങിയത് 1966ലാണ്. മൊത്തം 1,664 വില്ലേജുകളില്‍ 854 എണ്ണത്തില്‍ ഇതുവരെ റീസര്‍വേ പൂര്‍ത്തിയായിട്ടുണ്ടണ്ട്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് 2012 ഫെബ്രുവരിയില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഇത് സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യഭൂമിയിലുമായി നിജപ്പെടുത്തി. ഈ മാസം അവസാനത്തോടെ റീസര്‍വേ പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സംവിധാനവുമുണ്ടാക്കും.
ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്കു വിധേയമായി സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനു നബാര്‍ഡില്‍ നിന്ന് 500 കോടി രൂപയുടെ റീഫൈനാന്‍സ് സഹായം കൈപ്പറ്റുന്നതിനു സര്‍ക്കാര്‍ ഗാരന്റണ്ടി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."