കഞ്ചാവിന്റെ കരാളഹസ്തം
ലഹരി വസ്തുക്കളുടെ മാതാവായ കഞ്ചാവ് ചെടിയുടെ വിവിധഭാഗങ്ങളില്‍നിന്നുമെടുക്കുന്ന ഹാഷിഷി, ചരസ്, തൂപ്പ്, റാപ്പ്, മരിജുവാന എന്നിവയെല്ലാം സ്‌കൂള്‍കുട്ടികളെ തുടക്കത്തില്‍ വഴിതെറ്റിക്കുന്ന അധോലോകങ്ങളാണ്. മറ്റൊരു വസ്തുവാണ് കറുപ്പും അതില്‍നിന്നുണ്ടാക്കുന്ന മോര്‍ഫിന്‍കോഡിന്‍, തിബൈന്‍, ഹെറോയിന്‍, സയോണിന്‍, ബ്രൗണ്‍ ഷുഗര്‍ മോര്‍ഫിന്‍ തുടങ്ങി നിരവധി വസ്തുക്കളും, കൊക്കെയിനില്‍നിന്നും ലഭിക്കുന്ന വിലകൂടിയ പല ലഹരിവസ്തുക്കളുമെല്ലാം ഇന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പല കുട്ടികള്‍ക്കും നല്ല സുപരിചിതമാണ്.
ലോകത്ത് ആകെയായി ഏകദേശം 14 ദശലക്ഷം ആളുകള്‍ കറുപ്പും അതിന്റെ ഉപോല്‍പ്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍, കഞ്ചാവും ഉപോല്‍പ്പന്നങ്ങളും 147 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു, നമ്മുടെ കലാലയങ്ങള്‍ക്ക് പുറത്ത് ബന്ധമുള്ള ചിലയാളുകളുമായി ഇടപഴകുന്ന സാഹചര്യത്തിലാണ് സ്‌കൂളില്‍ ഇത്തരം വസ്തുക്കള്‍ വ്യാപകമാവുന്നത് .കഞ്ചാവും, കറുപ്പും, കൊക്കെയിനുമായി ബന്ധമുള്ള വസ്തുക്കളും ഇവ ഉപയോഗിക്കുന്നവരെയും പുറത്ത് ഒരിക്കലും മനസിലാവില്ല എന്നതാണ്. മദ്യത്തെപോലെ വാസനയോ, ശാരീരിക അടയാളങ്ങളോ ഇവര്‍ പ്രകടിപ്പിക്കുന്നില്ല. രഹസ്യമായി തന്റെ സുഹൃത്തുക്കളുമായോ, യാത്രയിലോ ഉപയോഗിക്കുകയോ എന്നാല്‍ ഒരു ഭാവഭേദവുമില്ലാതെ ഒരു മാസ്മരിക ലോകത്ത് ക്ലാസിലിരിക്കുകയും പെരുമാറുകയും ചെയ്യുന്നതാണ് ഇവരെ കണ്ടെത്താന്‍ പ്രയാസമാവുക. വളരെ ഭയാനകവും തിരിച്ച് വരാന്‍ കഴിയാത്തവയുമാണ് ഇതിന് കീഴ്‌പ്പെട്ട ഇവരുടെ പ്രത്യേകത. സ്‌കൂള്‍ കോളജ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ മാഫിയ പ്രവര്‍ത്തിക്കുന്നത്.
നിത്യ മാനസികരോഗമുണ്ടാക്കുന്ന അപകടകരമായ ലഹരിവസ്തുക്കളാണിവയെല്ലാം. പുകയ്ക്കുന്നതും, കുത്തിവയ്ക്കുന്നതുമായി നിരവധി സാധനങ്ങള്‍ഇതില്‍ ഉണ്ട് താനും. (കരുതിക്കൂട്ടി ചില അധിക വിശദീകരണവും, പേരുകളും ഒഴിവാക്കുന്നുണ്ട്) വൈകാരിക വെപ്രാളം, അമിതമായ ദുഃഖം, മയക്കും, പിച്ചും പേയും പറയല്‍, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, വിവിധ വികാരങ്ങളുടെ താല്‍കാലിക ഉത്തേജനം, മിഥ്യാബോധം, വിഭ്രാന്തി, ശ്വാസതടസ്സം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, രക്തസമ്മര്‍ദം കുറഞ്ഞുപോവുക, ബോധക്ഷയം, അപസ്മാരം, ഓക്കാനം, ചര്‍ദ്ദി, മതിഭ്രമം, വിഷാദം, ആത്മഹത്യാപ്രവണത, മനോരോഗിയെപ്പോലെ ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക, ഹൈപറ്റിസിസ്, ക്ഷയരോഗം, ബോധക്ഷയം, അപസ്മാരം, അപകടങ്ങള്‍, രക്തസമ്മര്‍ദം, മന്ദത, ഡിമെന്‍ഷ്യ തുടങ്ങിയ നിരവധി മാനസിക, ശാരീരിക രോഗങ്ങള്‍ സംഭാവനചെയ്യുന്ന ഇത്തരം വസ്തുക്കള്‍ തെറ്റായ അറിവുമൂലമാണ് പലരും ഉപയോഗിച്ചുതുടങ്ങുന്നത്. സ്‌കൂള്‍,കോളജിനടുത്തുള്ള പലരും ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും കുട്ടികളെ കരിയര്‍ ആയി ഉപയോഗിച്ച് സര്‍വനാശത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. നിരവധി ശാരീരിക മാനസിക തകരാറുകളിലേക്കാണ് ഇത്തരം വസ്തുക്കളുടെ ഉപയോഗം ചെന്നെത്തിക്കുന്നത്.
വന്‍ മാഫിയ സംഘങ്ങളാണ് മനുഷ്യരെ നശിപ്പിക്കുന്ന ഈ വിഷവസ്തുക്കളുടെ വ്യാപനം നടത്തുന്നത്. തായ്‌ലന്‍ഡ്, ബര്‍മ്മ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇത്തരം മയക്കുമരുന്നു വസ്തുക്കള്‍ മാഫിയസംഘത്തിന്റെ കൈകളിലൂടെ ലോകത്തുമുഴുവന്‍ വ്യാപിക്കപ്പെടുന്നു. തീവ്രവാദികള്‍, ഭീകരവാദികള്‍, വിഘടനവാദികള്‍ എന്നിവരുടെയെല്ലാം പ്രധാനവരുമാന ഉറവിടങ്ങളും പ്രവര്‍ത്തനമേഖലയും ഇതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇത്തരം മരുന്നുകള്‍ക്കടിമപ്പെടുന്നതും, ഒരു പ്രാവശ്യം ഉപയോഗിച്ചുപോയാല്‍ വീണ്ടും വീണ്ടും സ്വീകരിക്കാനുള്ള മസ്തിഷ്‌കപ്രവണതക്കും, അത് നാഡീകേന്ദ്രങ്ങളെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു.
ലഹരി നശിപ്പിച്ച ജീവിതം
കോളജ് അധ്യാപകന്റെയും ബാങ്ക് ഉദ്യോഗസ്ഥയുടെയും ഒരേയൊരു മകനാണ് വിനായക്. എസ്.എസ്.എല്‍.സി ക്ക് നല്ല മാര്‍ക്കോട്കൂടി പാസ്സായത്‌കൊണ്ട് മെച്ചപ്പെട്ട സ്‌കൂളില്‍ തന്നെ +2 സയന്‍സിന് അഡ്മിഷന്‍ വാങ്ങി വിനായക്. അച്ഛനും, അമ്മയ്ക്കും തങ്ങളുടെ സമര്‍ത്ഥനായ ഒരേയൊരു മകന്‍ വലിയ നിലയിലെത്തണമെന്നാഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.
അത്‌കൊണ്ട് ടൗണിലെ പ്രമുഖമായ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍തന്നെ മകനെ ചേര്‍ത്തു. തിരക്കുള്ള ജീവിതമായിരുന്നു അച്ഛനും അമ്മക്കും. മകന്റെ എന്താഗ്രഹങ്ങള്‍ക്കും അവര്‍ എതിര് നില്‍ക്കാറില്ല. പക്ഷേ പഠിക്കണം പഠിക്കണം എന്ന് മാത്രമാണ് മകന്‍ കൂടുതല്‍ സമയവും കേട്ടിരുന്നത്. +1 ല്‍ ചേര്‍ന്നപ്പോഴാണ് തന്റെ ചില കൂട്ടുകാരിലൂടെ ലഹരി അവന്‍ പരിചയപ്പെടുന്നത്.
കോഴിക്കോട്ടെ പ്രമുഖ ലഹരി വിതരണ കേന്ദ്രത്തിനടുത്ത് താമസിക്കുന്ന ചില കുട്ടികളാണ് ആദ്യമായി അവനെ ലഹരി പരിചയപ്പെടുത്തിയത്. പക്ഷേ സിഗരറ്റ് പാക്കിന് മുകളില്‍ പുരട്ടുന്ന ചില ലഹരി വസ്തുക്കള്‍ അവര്‍ അവനെ പരിചയപ്പെടുത്തിയിരുന്നു. എന്‍ട്രന്‍സ് ക്ലാസിലും +1 ക്ലാസിലുമെല്ലാം നല്ല അച്ചടക്കമുള്ള കുട്ടിയായിരുന്നു വിനായക്. പഠനത്തിനും മോശമല്ലായിരുന്നു. പക്ഷേ പണത്തിന് വലിയ ക്ഷാമമില്ലാത്തത്‌കൊണ്ട് ഭംഗിയായി മറ്റ് കമ്പനിക്കാരോടൊപ്പം അവന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു.
ഒരു ദിവസം മുഴുവന്‍ ഉന്മാദാവസ്ഥ നിലനിര്‍ത്താന്‍ പര്യാപ്തമായിരുന്നു. ഈ ലഹരിവസ്തുക്കള്‍ +1-ന് 97% മാര്‍ക്ക് അവന് കിട്ടുകയും ചെയ്തു. +2 കാലഘട്ടത്തില്‍ തന്റെ പഠനശ്രദ്ധ വളരെ കുറയുകയും, പഠനത്തില്‍ വളരെ പിന്നോക്കം പോവുകയും ചെയ്തു. മകന്റെ കൂടുതല്‍ വിഷയങ്ങള്‍ അടുത്തറിയാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലായിരുന്നു. പക്ഷേ പഠനത്തിന് 2-ാം വര്‍ഷ റിസള്‍ട്ട് വന്നപ്പോള്‍ അവന്‍ ആകെ വിഷമത്തിലായി.
എങ്ങിനെയാണ് മറ്റുള്ളവരെ അഭിമുഖീകരിക്കുക എന്നതായിരുന്നു അവന്റെ കുടുംബത്തിന്റെപ്രയാസം. മറ്റുള്ളവരുടെ ഇടയില്‍ തങ്ങള്‍ക്കുള്ള അഭിമാനത്തെയോര്‍ത്ത് വളരെ മോശം റിസല്‍ട്ടിന് ശേഷം എന്‍ട്രന്‍സ് എഴുതിക്കാനും, മറ്റും അവര്‍ ശ്രമിച്ചു. കരിയര്‍ കൗണ്‍സിലിങ്ങുമായി ബന്ധപ്പെടുമ്പോഴാണ് യഥാര്‍ഥ പ്രശ്‌നത്തിന്റെ ചുരുളഴിയുന്നത്. ഇംപ്രൂവ്‌മെന്റും മറ്റുമായി ബി.കോം അഡ്മിഷന്‍ വാങ്ങിയ മകനെ വീണ്ടും എന്‍ട്രന്‍സ് എഴുതിക്കാനും മറ്റും അവര്‍ ശ്രമിച്ചു.
പക്ഷേ അവന്റെ വാസ്തവമായ കഥകളറിഞ്ഞപ്പോള്‍ ലഹരിക്കടിമപ്പെട്ട ഒരേയൊരു മകനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതായിരുന്നു അവരുടെ പ്രധാന കാര്യം. കേരളത്തില്‍ നേരിട്ട് ലഭ്യമല്ലാതെ ഓപ്പറേഷനും ആന്റി-ഡിപ്രസെന്റുമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കടിമപ്പെട്ട് ഉന്മാദാവസ്ഥയിലായിരുന്നു .വിനായക് ഡി-അഡിക്ഷന്‍ സെന്ററിലെ ചികിത്സയിലാണിപ്പോള്‍.
സഹപാഠിയുടെ കൈകള്‍ വെട്ടിയ ലഹരി
മലപ്പുറം ജില്ലയിലെ പ്രമുഖമായ ഒരു കോളജ് ക്യാംപസ് ലഹരിയുടെ വിനിമയകേന്ദ്രമായി മാറിയത് ബോയ്‌സ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ്. അവിടെ ഹോസ്റ്റല്‍ നല്ല അച്ചടക്കവും, വ്യക്തമായ നിയമങ്ങളും, ക്രമീകരണങ്ങളുമൊക്കെയുണ്ടായിരുന്നു. 10.30-ന് ലൈറ്റ് ഓഫ്, മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം, കൃത്യമായ മേല്‍നോട്ടം എന്നിവയെല്ലാം പക്ഷേ എന്തോ ചില പ്രശ്‌നങ്ങളുണ്ടാവുകയും, വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിക്കുകയും, സഹപാഠിയെ വെട്ടുകയും ചെയ്തപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പുറംലോകം അറിഞ്ഞത്. ഹോസ്റ്റലില്‍ സഹപാഠികള്‍ വളരെ സൗഹാര്‍ദത്തിലും സ്‌നേഹത്തിലും കഴിഞ്ഞിരുന്നതിനിടക്ക് രഹസ്യമായ ഒരു ലഹരിമാഫിയ അരങ്ങ് വാണിരുന്നു.
ഭക്ഷണശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ചിലര്‍ ഗേറ്റുചാടി പുറത്തുപോയിരുന്നു. വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെയും കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യവും വ്യക്തി അവകാ ശങ്ങളുടെയും പേരില്‍ ഇടപെടാന്‍ വളരെ പരിമിതിയുണ്ട് അധികാരികള്‍ക്ക്. ഒരിക്കല്‍ അങ്ങനെ പിടിച്ച ഒരു കുട്ടി സ്വന്തം മൂക്ക് ഇടിച്ച് പൊട്ടിച്ച് അധ്യാപകനെ കുറ്റപ്പെടുത്തിയ സംഭവവും ആ കോളജില്‍ ഉണ്ടായിട്ടുണ്ട്. അവന്റെ കൈയും കാലും പിടിച്ചാണ് അധ്യാപകര്‍ നിയമകുരുക്കില്‍നിന്നും ഒഴിവായത്. പക്ഷേ ഇവരുടെ ഈ പോക്ക് ലഹരിയുടെ വിപണനവുമായി ബന്ധപ്പെട്ട് ശക്തമാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
മറ്റൊരു സംഭവം ഇങ്ങനെ രാത്രി എന്തെങ്കിലും പറഞ്ഞ് പുറത്തുപോവുന്നവിദ്യാര്‍ഥികള്‍ പുറത്തുനിന്നുള്ള ലഹരി മാഫിയയുമായി ബന്ധപ്പെടുകയും അങ്ങനെ പലപ്പോഴും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തു. കോളജിലെ കുട്ടികള്‍ക്ക് രഹസ്യമായി വിതരണം ചെയ്ത് അവര്‍ക്കാവശ്യമുള്ള വരുമാനവും, കാര്യങ്ങള്‍ക്കുള്ള പോക്കറ്റ് മണിയുമെല്ലാം സമ്പാദിച്ചു. വിദ്യാര്‍ഥി സംഘടനയിലെ നല്ല പ്രവര്‍ത്തകരുമായിരുന്നു പലരും ഒരു രാത്രിയാണ് ഹോസ്റ്റലില്‍ കൂട്ടയടി.
ലഹരിവില്‍പന മറ്റൊരു സംഘടനയിലെ കുട്ടി അറിയുകയും അങ്ങനെ അടിപിടി ആരംഭിക്കുകയും ചെയ്തു. രാത്രിയിലുണ്ടായ സംഭവം അവിടെയുള്ള വാര്‍ഡനും മറ്റും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവര്‍ കൂട്ടമായി വാര്‍ഡനെ ആക്രമിക്കാനാണ് തുനിഞ്ഞത്. പ്ലാസ്റ്റിക് ബാഗില്‍ ഗുളിക, സിറിഞ്ച്, ആവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാമാണെന്ന് സഹപാഠികള്‍ മണത്തറിയുകയും അങ്ങനെ കശപിശ അടിപിടിയാവുകയും ചെയ്തു.
കൂട്ടത്തില്‍ അടിയും വെട്ടും നല്ല പരിക്കുമായിരുന്നു. പല കുട്ടികളും ആശുപത്രിയിലായി. കോളജിലെ സംഘട്ടനം സംഘടനകള്‍ ഏറ്റെടുത്തതോടെ കോളജ് ദിവസങ്ങങ്ങളോളം അടച്ചിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."