ഫ്രാഞ്ചൈസി തുക: ചെന്നൈയും രാജസ്ഥാനും കോടതിയെ സമീപിച്ചു
മുംബൈ: ഐ.പി.എല്ലില്‍ നിന്ന് വിലക്കിയിട്ടും ബി.സി.സി.ഐ ഫ്രാഞ്ചൈസി തുക ഈടാക്കുന്നതിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ ആര്ബിട്രേഷന് കോടതിയെ സമീപിച്ചു. ഫ്രാഞ്ചൈസി തുകയായി വന്‍ തുകയാണ് ബി.സി.സി.ഐ ഈടാക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചെന്നൈ ടീം മാനേജര്‍ ജോര്‍ജ് ജോണ്‍ പറഞ്ഞു.
ഈ വിഷയത്തില്‍ കഴിഞ്ഞ മാസം ടീം ആര്ബിട്രേഷന് കോടതിയെ സമീപിച്ചിരുന്നു. രാജസ്ഥാന് റോയല്‍സും തങ്ങളോടൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വാദം കഴിഞ്ഞു. എന്നാല്‍ സാങ്കേതിക പ്രശ്നം കാരണം വിധിക്ക് രണ്ടോ മൂന്നോ മാസം കൂടുതല്‍ എടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന് റോയല്‍സ് ഫ്രാഞ്ചൈസി തുകയായി 56 കോടിയും ചെന്നൈ 73 കോടിയുമാണ് എല്ലാവര്‍ഷവും ബി.സി.സി.ഐയില്‍ നല്‍കുന്നത്. എന്നാല്‍ ഫ്രാഞ്ചൈസി തുകയുടെ കാര്യത്തില്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഈ രണ്ടു ടീമുകളും ആദ്യ ഗഡു നല്‍കിയിട്ടുണ്ടെന്നാണ് ബി.സി.സി.ഐയുടെ വിശദീകരണം. ടീമുകളോട് തുക ഈടാക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇവര്‍ കാരണമുണ്ടായ നഷ്ടങ്ങള്‍ ബോര്‍ഡ് സഹിക്കില്ല. വാതുവയ്പ്പ് വിഷയത്തില്‍ ഈ ടീമുകള്‍ മൂലം ബി.സി.സി.ഐയുടെ സല്‍പ്പേരിന് കോട്ടം തട്ടി. അതുകൊണ്ട് ഈ രണ്ടു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ ഇനിയും കളിക്കണമെങ്കില്‍ ഫ്രാഞ്ചൈസി തുക നല്‍കണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."