മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പഞ്ചിങ് നിര്‍ബന്ധം: ധാരണ തെറ്റിച്ച് മന്ത്രി രാജു
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ ഉണ്ടായ പൊതുധാരണ തെറ്റിച്ച് മന്ത്രി കെ. രാജു. പഞ്ചിങ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നല്കിയ നിര്‍ദേശത്തില്‍ കൂടിയാലോചിച്ച് നിലപാടെടുക്കാം എന്നായിരുന്നു സി.പി.ഐയില്‍ ഉണ്ടായ ധാരണ.
എന്നാല്‍, ഈ ധാരണ തെറ്റിച്ച് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ മന്ത്രി ഇ. ചന്ദ്രശേഖരനോടുപോലും ആലോചിക്കാതെ കെ. രാജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഒപ്പം യാത്ര ചെയ്യുന്ന അഡീഷണല്‍ പി.എ, മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്ന പി.എ, ഡ്രൈവര്‍, കുക്ക് എന്നിവരെ പഞ്ചിങ്ങില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതാകട്ടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ സി.പി.ഐ കൈക്കൊണ്ടിരിക്കുന്ന നിലപാടിനു വിരുദ്ധമാണ്.
സമയം നോക്കാതെ ജോലി ചെയ്യേണ്ടിവരുന്ന പേഴ്സണല്‍ സ്റ്റാഫിന് പഞ്ചിങ് നിര്‍ബന്ധമാക്കരുതെന്നാണ് സി.പി.ഐയിലെ മറ്റു മന്ത്രിമാര്‍ ആവശ്യപ്പെടുന്നത്. ചിലരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന കത്ത് നല്‍കിയതിലൂടെ മറ്റുള്ളവര്‍ക്ക് പഞ്ചിങ് വേണമെന്ന നിലപാടെടുക്കുകയാണ് മന്ത്രി കെ. രാജു ചെയ്തിരിക്കുന്നത്.
നീലക്കുറിഞ്ഞി ഉദ്യാനമേഖല സന്ദര്‍ശിക്കാന്‍പോയ മന്ത്രിതല സമിതിയില്‍ അംഗമായിരുന്ന കെ. രാജു അക്കാര്യത്തിലും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. സമ്മേളനങ്ങള്‍ നടക്കുന്ന അവസരത്തില്‍ കെ. രാജു സ്വീകരിച്ച നിലപാട് സി.പി.ഐയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."