കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
പേരാമ്പ്ര : ബസ് ഡ്രൈവറെ കാര്‍ യാത്രികന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്നലെ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരങ്ങള്‍ വാഹനം കിട്ടാതെ വലഞ്ഞു.
കോഴിക്കോട് നിന്നും സര്‍വിസ് ആരംഭിച്ച ബസുകള്‍ കുറ്റ്യാടിയില്‍ സര്‍വിസ് അവസാനിപ്പിച്ചു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ മറ്റു വാഹനങ്ങളില്‍ കയറി ഏറെ വൈകിയാണ് വീടുകളില്‍ എത്തിയത്. ഇന്നലെ ഉച്ചയോടെ 12.40 തോടെയാണ് കടിയങ്ങാട് പാലത്തില്‍ വച്ച് ബസ് ജീവനക്കാരന് മര്‍ദനമേറ്റത്.
കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ബസ് ഡ്രൈവര്‍ കടിയങ്ങാട് വിളയാറ മീത്തല്‍ അജിത് കുമാര്‍ (28) നെ മര്‍ദനമേറ്റ നിലയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിനെ മറി കടന്നെത്തിയ കാര്‍ റോഡില്‍ വിലങ്ങനെ നിര്‍ത്തിയതിനു ശേഷം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ബസ് കാറിന്റെ കണ്ണാടിയില്‍ ഇടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ നിര്‍ത്താതെ ഹോണടിച്ചു പിന്നില്‍ നിന്നും വന്ന കാറിന് സൈഡ് ലഭിക്കാത്തതാണ് മര്‍ദന കാരണമെന്ന് അജിത് കുമാര്‍ പറഞ്ഞു. സംഭവം നടന്നയുടനെ പരാതി നല്‍കിയിട്ടും പ്രതിയെ കുറിച്ച് അന്വേഷിക്കാനോ സംഭവസ്ഥലത്ത് എത്തിനോക്കാതെ പൊലിസ് അലംഭാവം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ ഈ റൂട്ടില്‍ അനശ്ചിതകാല പണിമുടക്ക് ആരംഭിച്ചതായും സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാരുടെ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പൊലിസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."