ദേശീയഗാനവിവാദം ദേശീയതയ്ക്കു വേണ്ടിയല്ല: സീതാറാം യച്ചൂരി
തിരുവനന്തപുരം: ദേശീയഗാനത്തെ ആദരിച്ചില്ലെന്ന പേരില്‍ കമലിനെ ക്രൂശിക്കുന്നത് ഇന്ത്യന്‍ ദേശീയതയ്ക്ക് വേണ്ടിയല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഓള്‍ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍ കൂറ്റന്‍ ദേശീയപതാക ഉയര്‍ത്തി ഇവര്‍ സൃഷ്ടിക്കുന്നത് ദേശീയതയെ ഹിന്ദുത്വമായി മാറ്റിയെടുക്കുന്ന രാഷ്ട്രീയ തന്ത്രമാണ്. ഇതിനെതിരേ ഇന്ത്യന്‍ ദേശീയതയുടെ സംരക്ഷണ ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. മനുഷ്യനെ മനുഷ്യന്‍ തന്നെ ചൂഷണം ചെയ്യാത്ത സാമൂഹ്യവ്യവസ്ഥയെന്ന ആശയം പ്രായോഗികമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തതാണ് ഒക്ടോബര്‍ വിപ്ലവത്തിന്റെ നേട്ടം.
ചൈനയ്‌ക്കെതിരേ ശാന്തസമുദ്രത്തില്‍ അമേരിക്കയുമായി ചേര്‍ന്ന് സൈനിക പ്രകടനം നടത്തുകയും അമേരിക്കയുമായി പ്രതിരോധ പങ്കാളിത്ത കരാറില്‍ ഒപ്പിടുകയും ചെയ്ത പ്രധാനമന്ത്രി മോദി ആണവ നിരായുധീകരണമെന്ന ഇന്ത്യന്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ്.
മോദി നടത്തിയ നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്കെതിരായ സാമ്പത്തിക യുദ്ധം തന്നെയാണ്. വന്‍കിട ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനും 11 ലക്ഷം കോടിയോളം രൂപ ബാങ്കുകള്‍ക്ക് മടക്കികൊടുക്കാതിരിക്കാനുമുള്ള തന്ത്രമാണ് നോട്ട് പിന്‍വലിക്കലെന്നും യച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."