സി.പി.എമ്മും ആര്.എസ്.എസും ആയുധം താഴെ വയ്ക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി നിര്‍ത്താന്‍ സി.പി.എമ്മും ആര്.എസ്.എസും ആയുധം താഴെ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും കുരുന്നുകള്‍ കലോത്സവത്തിന് എത്തിയ വേളയില്‍ തന്നെ കണ്ണൂരില്‍ വീണ്ടും ഒരാളെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത് അത്യന്തം മനുഷ്യത്വ ഹീനമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികളുടെ മുന്നില്‍ നടന്ന ഈ ചോരക്കളി സ്കൂള്‍ കലോത്സവത്തിന്റെ ആഹ്ലാദം മുഴുവന്‍ തല്ലിക്കെടുത്തി. കൊലപാതകത്തിന് പിന്നാലെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം കലോത്സവത്തിനെത്തിയ കുട്ടികള്‍ക്കുണ്ടായ ദുരിതം ചെറുതല്ല. താമസ സ്ഥലത്ത് നിന്ന് കലോത്സവ വേദിയിലെത്താന്‍ വാഹനം കിട്ടിയില്ല. മുന്‍പൊരിക്കലും സ്കൂള്‍ കലോത്സവം ഇങ്ങനെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍ നടന്നിട്ടില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂരില്‍ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം നാല് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. മനുഷ്യത്വമെന്ന മഹാഗുണം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വെറും പാഴ്വാക്കായി മാറി. രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസിന് സ്വാതന്ത്ര്യം നല്‍കണം. അപ്പോഴേ കണ്ണൂരിലെ ചോരക്കളി അവസാനിക്കൂ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."