പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം: ഒഴിവുകള്‍ നികത്താന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ വ്യക്തിപരമായി ഇടപെട്ട് പരിശോധിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
ഇതുസംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം സംബന്ധിച്ച് സമയബന്ധിതമായി വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും റിസര്‍വ് ചെയ്ത തസ്തികകളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനും ഓരോ വകുപ്പിലും വകുപ്പധ്യക്ഷന് താഴെയുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണം. നോഡല്‍ ഓഫിസറെ നിയമിച്ച് ഒരാഴ്ചക്കകം പൊതു ഭരണവകുപ്പ് സെക്രട്ടറിയെ എല്ലാ വകുപ്പുകളും അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില തസ്തികകളില്‍ യോഗ്യരായ പട്ടികവര്‍ഗക്കാരെ ലഭിക്കാന്‍ പ്രയാസം നേരിടുന്നതിനാല്‍ നിയമനം നടത്താനാവുന്നില്ല. ഇതുപരിഹരിക്കാന് എന്തു നടപടി സ്വീകരിക്കാമെന്ന് പരിശോധന നടത്തി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കുന്നതിലുണ്ടാകുന്ന വീഴ്ച ഗൗരവമായി കാണും.
വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് പരിശോധിക്കുന്ന സ്ഥിതിയുണ്ടാകണം. യോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഷീലാ തോമസ്, വി.ജെ കുര്യന്, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."