പോക്‌സോ നിയമ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും: ബാലാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: കുട്ടികള്‍ക്കെതിരെയുള്ള ശൈശവ വിവാഹ-ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് നടപ്പാക്കുന്ന പോക്‌സോ നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഊര്‍ജിത ബോധവല്‍ക്കരണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ നീതി വകുപ്പ്, പൊലിസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കമ്മിഷന്‍ അറിയിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആദിവാസി കോളനികളില്‍ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കുറ്റം ചുമത്തി നിയമ നടപടികള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍ ജനറല്‍ വിഭാഗങ്ങള്‍ക്കിടയിലും ശൈശവിവാഹം കണ്ടെത്തിയതായും ബാലാവകാശ കമ്മിഷന്‍ അംഗം ഗ്ലോറി ജോര്‍ജ് വ്യക്തമാക്കി.
വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുന്ന ആദിവാസി വിഭാഗത്തിനിടയിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആദിവാസി സമൂഹത്തിനെ ഉന്മൂലനം ചെയ്യുന്ന രീതിയിലേക്കാണ് നീങ്ങുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഗര്‍ഭിണിയായ ആദിവാസി യുവതികളുടെ പ്രായം, നവജാത ശിശുവിന്റെ തൂക്കം എന്നിവ അങ്കണവാടി പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിവരശേഖരണം നടത്തുവാന്‍ സി.ഡി.പി.ഒ ഓഫിസര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കൂടാതെ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പൊലിസ്, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും പോക്‌സോ നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനമായി. 2013ല്‍ 53ഉും, 2014-72, 2015-106, 2016ല്‍ 72 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വരും നാളുകളില്‍ പോക്‌സോ നിയമ ബോധവല്‍ക്കരണത്തിലൂടെ കുറ്റകൃതൃങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം.
യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം എന്‍ ബാബു, സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ചൈല്‍ഡ്‌ലൈന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ദിനേശന്‍, ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, ജില്ലാ ക്രൈം റികോഡ്‌സ് ബ്യൂറോ എസ്.ഐ ഖാലിദ് കുഞ്ഞു, ഡി.സി.പി.ഒ സുരേഷ് ബാബു, മഹിള സമഖ്യ കോഡിനേറ്റര്‍, സി.ഡി.പി.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."