പുറത്ത്' നിന്നെത്തിയവര്‍ക്കു സീറ്റ്: ബി.ജെ.പിയില്‍ കലാപം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിപതാകയും നേതാക്കളുടെ കോലവും കത്തിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി എത്തിയവര്‍ക്കു സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത എതിര്‍പ്പ്. അനര്‍ഹരെ സ്ഥാനാര്‍ഥികളാക്കിയെന്നാരോപിച്ച് ഡല്‍ഹി അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ദേശീയ പ്രസിഡന്റ് അമിത്ഷായ്‌ക്കെതിരേ പ്രതിഷേധിച്ചു.
തിങ്കളാഴ്ച ബി.ജെ.പി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടികയില്‍ ഉള്‍പ്പെട്ട 149 പേരില്‍ പലരും വിവിധ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തിയവരാണ്. ഇതാണ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരേയും പ്രകോപിപ്പിച്ചത്.
നോയിഡയില്‍ നിന്നുള്ള എം.പിയും കേന്ദ്ര സാംസ്‌കാരികമന്ത്രിയുമായ മഹേഷ് ശര്‍മ, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി ഓം മാഥൂര്‍ എന്നിവര്‍ക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അവിശുദ്ധ മാര്‍ഗത്തിലൂടെ മഹേഷ് ശര്‍മ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമം തടയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ കേന്ദ്ര- സംസ്ഥാന നേതൃത്വത്തിനെതിരേ പ്രകടനങ്ങള്‍ നടന്നു. ചിലര്‍ മുതിര്‍ന്ന നേതാക്കളുടെ കോലംകത്തിക്കുകയും പാര്‍ട്ടി പതാക അഗ്നിക്കിരയാക്കുകയുംചെയ്തു. നേതാക്കളെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അത് രൂക്ഷമായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. തിങ്കാളാഴ്ച അമിത്ഷാ പുറത്തുവിട്ട പട്ടികയില്‍ ആര്‍.എസ്.എസും അതൃപ്തിയിലാണ്. ഓരോ മണ്ഡലത്തിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘപരിവാര അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായവും നിര്‍ദേശവും ശേഖരിച്ച ശേഷമെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂവെന്ന നിര്‍ദ്ദേശം നേതൃത്വം അവഗണിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും മറ്റുപാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്കു കൂടുതല്‍ പരിഗണനനല്‍കുന്നതിനാല്‍ അവിടെയും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബി.ജെ.പിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം കാരണം കഴിഞ്ഞദിവസം പഞ്ചാബ് ഘടകം ബി.ജെ.പി അധ്യക്ഷനും മന്ത്രിയുമായ വിജയ് സാംപ്ല രാജി സന്നദ്ധത അറിയിക്കുകയുംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."