ഇനി ഓര്‍മകളുടെ ഫ്‌ളാഷില്‍
കോഴിക്കോട്: സൗമ്യ മുഖവുമായി നഗരത്തിന്റെ സ്പന്ദനങ്ങള്‍ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഫോട്ടോ ഗ്രാഫര്‍ രഘുകുമാര്‍ ഇനി ഓര്‍മകളുടെ ഫ്‌ളാഷില്‍ മാത്രം. ജോലിക്കിടെ ഇന്നലെ സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് തികച്ചും ആകസ്മികമായി മരിച്ചത്.
നഗരത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളിലും ഉദ്ഘാടകനെത്തും മുന്‍പ് തന്നെ സൗമ്യ മുഖവും ചെറുപുഞ്ചിരിയുമായി കാമറയുമായി നില്‍ക്കുന്ന രഘുവിന്റെ കാഴ്ച പതിവായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ബന്ധമായതിനാല്‍ ആരംഭിക്കേണ്ട ചടങ്ങിന്റെ സമയം നീട്ടിവച്ച സംഭവവും സുഹൃത്തും നഗരത്തിലെ സംഘാടകരില്‍ പ്രമുഖനുമായ വ്യക്തി പങ്കുവച്ചു. കൈപ്പിടിയിലൊതുക്കിയ കാമറാ ലെന്‍സുകള്‍ ഉപയോഗിച്ച് സംഘാടകന്റെ അഭിരുചിക്കനുസരിച്ചുള്ള ഫ്രെയിമുകള്‍ ഒരുക്കുന്നതില്‍ രഘുവിന്റെ കഴിവ് അസാമാന്യമായിരുന്നു.
നഗരത്തിലെ പത്ര ഫോട്ടോ ഗ്രാഫര്‍മാര്‍ക്കിടയില്‍ സുപരിചിതനായ രഘു കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി ഇവര്‍ക്കിടയില്‍ അത്യാവശ്യഘട്ടങ്ങളിലെ സഹായി കൂടിയായിരുന്നു. കൂടുതല്‍ പരിപാടികള്‍ നടക്കുന്ന സമയങ്ങളില്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ ബുദ്ധിമുട്ടുമ്പോള്‍ ഇവര്‍ക്ക് പടങ്ങള്‍ നല്‍കി സഹായിക്കാന്‍ രഘുവിന് ഒട്ടും മടിയുണ്ടായിരുന്നില്ല. കക്ഷി രാഷ്ട്രീയ സമുദായ സംഘടനാ ഭേദമെന്യേ എല്ലാവര്‍ക്കും സുപരിചിതനായ രഘുവിന്റെ വേര്‍പാട് നഗരത്തിലെ സംഘാടകര്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. സ്‌റ്റേഡിയം പുതിയറ റോഡില്‍ ദീര്‍ഘകാലമായി ബോംബേ ഫോട്ടോസ് എന്ന സ്ഥാപനം നടത്തി വരുന്ന രഘു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഏറെക്കാലം ജോലി ചെയ്തിട്ടുണ്ട്. വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവ ഫോട്ടോ ഗ്രാഫര്‍മാര്‍ പലരും രഘുവിന്റെ ശിഷ്യന്‍മാരാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."